പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു
തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ജയിൽ മോചനം വൈകാതെ തന്നെ സാധ്യമാകും.
ഇസ്‍ലമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ്, ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇസ്‍ലാമാബാദ് ജില്ലാക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചെന്നു ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വാട്സാപ് സന്ദേശത്തിലൂടെയാണ് വിവരം പുറത്തുവിട്ടത്.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് (70) മൂന്നുവർഷം തടവാണ് ജില്ലാക്കോടതി ശിക്ഷിച്ചത്. 10 ലക്ഷം പാക്ക് രൂപ പിഴ അടയ്ക്കണമെന്നും ഇല്ലെങ്കിൽ 6 മാസം കൂടി തടവു നീളുമെന്നും വിധിയിലുണ്ടായിരുന്നു. കോടതിവിധിക്കു പിന്നാലെ ലഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഇമ്രാനെ അറ്റോക്ക് ജയിലിലടയ്ക്കുകയായിരുന്നു.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന (2018–22) കാലത്തു വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സർക്കാർ ഖജനാവിൽനിന്നു ലേലത്തിൽ വാങ്ങിയശേഷം മറച്ചുവിറ്റെന്നതാണു തോഷഖാന അഴിമതിക്കേസ്. തോഷഖാന എന്നാൽ ഖജനാവ് എന്ന് അർഥം.