ഇസ്രായേലിൻറെ കൂട്ടകുരുതി തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 പേർ
ഇസ്രായേലിൻറെ ആക്രമണത്തിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101പാലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം 54 പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്ക്‌പരിക്കേറ്റു. നുസൈറത് അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.
അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു.
വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.