ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും ; ഗാസയിൽ രണ്ട് കുട്ടികൾ മരിച്ചു
ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ കനത്ത ചൂടും ഗാസയിൽ ദുരിതം വിതയ്ക്കുന്നു. ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയാണ് റിപ്പോർട്ട് ചെയ്യുന്നത്.
“ചൂട് കാരണം രണ്ട് കുട്ടികളെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ഞങ്ങൾക്ക് ലഭിച്ചതായി യു.എൻ.ആർ.ഡബ്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. ഇനിയും എന്തൊക്കെയാണ് ഇവര്‍ സഹിക്കേണ്ടത്, മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും- ഫിലിപ്പ് ലസാരിനി കൂട്ടിച്ചേര്‍ത്തു.
താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതല്‍ വഷളാകുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു. കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ 15 ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം വേണ്ടിടത്ത് ആകെ ലഭിക്കുന്നത് ഒരു ലിറ്ററിലും താഴെ വെള്ളമാണ്. കുട്ടികളാണ് ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത്.
ഇതിനകം തന്നെ മാരകമായ ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ് പലസ്തീന്‍ ജനത. 34,000 ലേറെ പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ മരണം വരിച്ചത്. ഇപ്പോഴിതാ കനത്ത ചൂടും അവിടെ ദുരിതം വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗാസ വീണ്ടും യുദ്ധക്കളമായത്.
യുദ്ധം ആറ് മാസം പിന്നിട്ടതിന് പിന്നാലെ ഗാസയുടെ വലിയൊരു ഭാഗം തകർന്നുകിടക്കുകയാണ്. ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയ്ക്കൊക്കെ കടുത്ത ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈയടുത്ത ദിവസങ്ങളിൽ ഗാസയിലെ താപനില 30 ഡിഗ്രി സെൽഷ്യസിനടുത്താണ് ഉയർന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷത്തിൽ സാധാരണയേക്കാൾ വളരെ കൂടുതലാണിത്.