'ഗാസ്സ മുനമ്പ് മരണമേഖലയായി മാറി'; ലോകാരോഗ്യസംഘടന മേധാവി
ഗാസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ഗാസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം തുടരുകയും ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനഃരാരംഭിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഇത് വീണ്ടും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് തരത്തിലുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നു ചോദിച്ച ലോകാരോഗ്യ സംഘടന മേധാവി, ഇവിടെ ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ലെന്നും ജനങ്ങൾ നടക്കാനുള്ള അവകാശം പോലുമില്ലെന്നും കുറ്റപ്പെടുത്തി. ആരോഗ്യപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല. ഐ സി യു യൂണിറ്റുകൾ പോലും ഗാസ്സയിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം തുടരുകയണ്. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.