അധികാരമേറ്റാൽ ആദ്യ നടപടി വിദേശ കുടിയേറ്റത്തിനെതിരെ; നാളെ സൂര്യൻ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാൻ പോകുന്നുവെന്ന് ട്രംപ്
കുടിയേറ്റത്തെ പൂർണമായും ഒഴിവാക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ വിദേശികളുടെ മേൽ കടിഞ്ഞാണിടുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്ഥാനോഹരണത്തിന് മുന്നേയുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുക്കയാണ് ട്രംപ് ഇത് ആവർത്തിച്ചത്.
നാളെ സൂര്യൻ അസ്തമിക്കുന്നതോടെ നമ്മുടെ രാജ്യത്ത് കടന്നുകയറ്റം അവസാനിക്കുവാൻ പോകുന്നു. പ്രചാരണത്തിൽ പലതവണയും ട്രംപ് ഇത് തന്നെ ആവർത്തിച്ചു. യുഎസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ആളുകളെ കുടിയൊഴിപ്പിക്കാൻ പോവുകയാണ്. ഇതിന് കുറച്ചധികം സമയമെടുക്കുകയും വലിയ ചിലവുകൾ ഉണ്ടാവുകയും ചെയ്യും. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഓരോ പ്രതിസന്ധികളെയും ചരിത്ര വേഗത്തിൽ ഞാൻ പരിഹരിക്കും"- ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ മൂലം,1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക. ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.