ശീതകാലയുദ്ധതന്ത്രങ്ങളുടെ ശിൽപി ; ഹെന്റി ആൽഫ്രഡ് കിസിഞ്ജർ അന്തരിച്ചു
മുൻ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി ആൽഫ്രഡ് കിസിഞ്ജർ അന്തരിച്ചു. 100 വയസായിരുന്നു. ബുധനാഴ്ച കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. സ്വകാര്യ ചടങ്ങിലാവും സംസ്കാരമെന്നും പിന്നീട് ന്യൂയോർക്കിൽ വച്ച് അനുസ്മരണം സംഘടിപ്പിക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. പ്രായാധിക്യം കണക്കിലെടുക്കാതെ പെരുമാറിയിരുന്ന കിസിഞ്ജറുടെ മരണകാരണം വിശദമാക്കിയിട്ടില്ല.
ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ ജൂലൈ മാസത്തിൽ കിസിഞ്ജർ ചൈനാ സന്ദർശനം നടത്തിയിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന കിസിഞ്ജർ രണ്ടാം ലോകമഹായുദ്ധത്തിന് ആഗോളതലത്തിൽ നയ രൂപീകരണത്തിന് നിർണായകമായ പങ്ക് വഹിച്ചിരുന്നു. ശീതകാലയുദ്ധതന്ത്രങ്ങളുടെ ശിൽപി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന കിസിഞ്ജർ നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1969 മുതല്‍ 1977 വരെയായിരുന്നു കിസിഞ്ജറുടെ ഔദ്യോഗിക പ്രവര്‍ത്തനകാലം. വാട്ടർ ഗേറ്റ് വിവാദത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാർഡ് നിക്സണ്‍ രാജിവച്ചെങ്കിലും അടുത്ത പ്രസിഡന്റിന്‍റെ കാലത്തും കിസിഞ്ജർ ഔദ്യോഗിക പദവിയിൽ തുടരുകയായിരുന്നു. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകളുടെ പേരിൽ നോബൽ സമ്മാനം ലഭിച്ചത് വലിയ വിവാദമായിരുന്നു. എട്ട് വർഷത്തെ ഔദ്യോഗിക കാലയളവിൽ അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ ശക്തമായ പങ്ക് വഹിച്ച വ്യക്തിയാണ് കിസിഞ്ജർ.