'ജനത്തിന്റെ വാക്കുകൾ ദൈവത്തിന്റേതും': ട്രംപിന് വിണ്ടും ട്വിറ്ററിലേക്ക് പ്രവേശനം നൽകി മസ്‌ക്
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി.
പോളിൽ പങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകൾ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകൾ തന്നെ ദൈവത്തിന്റെതുമെന്നും അതിനാൽ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തുകയാണെന്നു ഇലോൺ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ കാപ്പിറ്റോൾ മന്ദിരത്തിൽ അനുയായികൾ നടത്തിയ അക്രമങ്ങളിൽ പ്രോത്സാഹനം നൽകിയെന്ന് ആരോപിച്ച് 2021 ജനുവരി ആറിനാണ് ട്രംപിനെ ട്വിറ്റർ വിലക്കിയത്. തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന (@realDonaldTrump) എന്ന അക്കൗണ്ടാണ് പൂട്ടിയത്.