പശ്ചിമേഷ്യൻ സംഘര്‍ഷം: ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നു
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോള തലത്തില്‍ എണ്ണ വിതരണത്തെയാണ് യുദ്ധ സാഹചര്യം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണ വില വർധിക്കുന്നു. ഏകദേശം നാലുശതമാനത്തിന്റെ വിലക്കയറ്റമാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി മൂലം ഉണ്ടായിരിക്കുന്നത്.
ഇറാനിയൻ എണ്ണ ഉൽപ്പാദനത്തിനോ കയറ്റുമതി കേന്ദ്രങ്ങൾക്കോ നേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം എണ്ണ വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തിലെ ക്രൂഡിൻ്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന രാജ്യമാണ് ഇറാൻ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേലിനെതിരെ 180-ലധികം ബാലിസ്റ്റിക് മിസൈൽ ആക്രമണം ഇറാൻ നടത്തിയത്. ഹിസ്‌ബുള്ള നേതാക്കളയുടെയും ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെയും കൊലപാതകത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഇസ്രയേലിൽ വലിയതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.