എതിരാളികൾക്കെതിരെ പരിഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യദൗത്യം
പരിഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്.
ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹസ്യദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ചൈന നൽകുന്ന ധനസഹായം അഴിമതിയാണെന്നും, എന്നിങ്ങനെ പല കഥകളും അവർ പടച്ചുവിട്ടു. ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സി.ഐ.എ. ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യങ്ങൾ തമ്മിലും ഭരണകൂടങ്ങൾ രാജ്യത്ത് തങ്ങൾക്ക് എതിരായവരേയും ഇത്തരത്തിൽ ടാർഗറ്റ് ചെയ്യുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യു.എസിനെ ലക്ഷ്യമിട്ട് ചൈനയും മറ്റു രാജ്യങ്ങളും ഇത്തരം നീക്കങ്ങൾ നടത്തിയ വാർത്തയും മുമ്പ് പുറത്ത് വന്നിട്ടുണ്ട്.