ഇതാരാ കടൽകൊള്ളക്കാരോ? തെക്കന്‍ ചൈനാ കടലിൽ കത്തിയും ചുറ്റികയും മഴുവുമായി ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന
ഇത് സൈന്യം തന്നെയാണോ, അതോ കടൽ കൊള്ളകാരോ, കത്തിയും ചുറ്റികയും മഴുവും കൊണ്ട് ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച ചൈനീസ് കോസ്റ്റ് ഗാര്‍ഡിനെക്കുറിച്ച് ഫിലിപ്പീന്‍സ് സൈനിക തലവന്‍ ജനറല്‍ റോമിയോ ബ്രൗണര്‍ ജൂനിയര്‍ പറഞ്ഞ വാക്കുകളാണിത്. തെക്കന്‍ ചൈനാ കടലിലാണ് മാരകായുധങ്ങളുമായി എട്ടിലേറെ മോട്ടോര്‍ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് ഫിലിപ്പീന്‍സ് ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ചൈന അവകാശവാദം ഉന്നയിക്കുന്ന സെക്കന്‍ഡ് തോമസ് ഷോളില്‍ നിലയുറപ്പിച്ച ഫിലപ്പീന്‍സ് നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കാന്‍ ശ്രമിച്ച ഫിലപ്പീന്‍സ് നാവിക ബോട്ടുകളാണ് ചൈന ആക്രമിച്ചതെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം.
ബോട്ടുകളെ പിന്തുടർന്നെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് ഫിലിപ്പീന്‍സ് നാവികസേനാംഗങ്ങളുമായി തർക്കത്തിലായി, പിന്നെ ബോട്ടുകള്‍ തമ്മില്‍ തുടര്‍ച്ചയായി ഇടിച്ചു. ശേഷം ചൈനീസ് കോസ്റ്റ് ഗാര്‍ഡ് ഫിലിപ്പീന്‍സ് നാവിക ബോട്ടുകളിലേക്ക് കടന്നു കയറി സേനയുടെ എം4 റൈഫിളുകളും ഗതിനിര്‍ണയ ഉപകരണങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ഫിലിപ്പീന്‍സ് നാവികരിൽ പലർക്കും പരിക്കേറ്റു. ഒരാള്‍ക്ക് വലത് തള്ളവിരല്‍ നഷ്ടമായിയെന്നാണ് റിപ്പോർട്ട്. പിന്നാലെ ചൈനീസ് സൈനികര്‍ തങ്ങളുടെ നാവികര്‍ക്കെതിരെ കത്തി ചൂണ്ടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഫിലിപ്പീന്‍സ് പുറത്തുവിട്ടു.