രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേർക്ക് ; പ്രോട്ടീനുകളെ കുറിച്ചുള്ള ഗവേഷണത്തിന് പുരസ്കാരം
ഈ വർഷത്തെ രസതന്ത്ര നോബേൽ പ്രൊട്ടീനുകളെക്കുറിച്ചുള്ള ഗവേഷണത്തിന്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം. ജംപർ എന്നിവർക്കാണ് പുരസ്കാരം. കമ്പ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനിൽ പുതു വഴി വെട്ടിയ ഡേവിഡ് ബേക്കറിനാണ് പുരസ്കാരത്തിന്റെ പകുതിയും ലഭിക്കുക. ബാക്കി ഭാഗം ഡെമിസ് ഹസാബിസും, ജോൺ ജംപറും ചേർന്ന് പങ്കിടും. അമിനോ ആസിഡുകളാൽ നിർമ്മിതമായ കാർബണീക സംയുക്തങ്ങളാണ് പ്രോട്ടീനുകൾ. ജീവന്റെ നിർമ്മാണ ശിലകളെന്നാണ് പ്രൊട്ടീനുകളെ വിശേഷിപ്പിക്കുന്നത്.
2003ൽ കംമ്പ്യൂട്ടേഷനൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ തരം പ്രോട്ടീൻ നിർമ്മിച്ച ഡേവിഡ് ബേക്കർ ഈ രംഗത്ത് പുതിയ സാധ്യതകൾ തുറന്നിട്ടു. 2020ൽ ഡെമിസ് ഹസാബിസും, ജോൺ ജംപറും അവതരിപ്പിച്ച ആൽഫ ഫോൾഡ് 2 എന്ന എഐ മോഡൽ പ്രോട്ടീനുകളുടെ ഘടന പ്രവചിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ കണ്ടെത്തലുകൾക്കാണ് നോബേൽ അംഗീകാരം എത്തിയിരിക്കുന്നത്. വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസറാണ് ഡേവിഡ് ബേക്കർ. ഡെമിസ് ഹസാബിസും, ജോൺ എം ജംപറും ലണ്ടനിലെ ഗൂഗിളിന്റെ ഡീപ്പ്മൈൻഡ് എഐ ലാബിലെ ഗവേഷകരാണ്. ഭൗതിക ശാസ്ത്ര നോബേലിന് പിന്നാലെ രസതന്ത്ര നോബേലും ഈ വർഷം എഐയുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങൾക്ക് കിട്ടുന്നത് അടിസ്ഥാന ശാസ്ത്ര ഗവേഷണ രംഗത്ത് എഐയുണ്ടാക്കാൻ പോകുന്ന വലിയ മാറ്റങ്ങളുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.