ന്യൂയോർക്കിൽ പുകമഞ്ഞ്: എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം
കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളുടെ വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്‌ക് ധരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു.
പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലാണിപ്പോൾ. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ വൈകുകയും കായിക ഇനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക് സിറ്റി മേയർ നിർദേശം നൽകി. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കാനഡയും അവരുടെ ജനങ്ങൾക്ക് നിർദേശം നൽകി. വരും ആഴ്ചകളിൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നത് രൂക്ഷമാകുമെന്നും ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്നും നിർദേശം നൽകി. 160 ഓളം കാട്ടുതീകൾ റിപ്പോർട്ട് ചെയ്യുന്ന ക്യൂബെക്കിൽ നിന്നാണ് കൂടുതൽ പുക ഉയരുന്നത്. ഇവിടെനിന്ന് 15,000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.