മൈക്കിലൂടെ ബാങ്ക് വിളിക്കാം; അനുമതി നൽകി ന്യൂയോർക്ക് ഭരണകൂടം
പൊതുജനങ്ങൾക്ക് കേൾക്കുന്ന രീതിയിൽ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടം അനുമതി നൽകി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനിൽ മഗ്‌രിബ് ബാങ്കിനും അനുമതി നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയർ വ്യക്തമാക്കി.
ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപാർട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ശബ്ദനിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിനു വിലക്കില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പാക്കിയതോടെ ഇനിമുതൽ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കായുള്ള ബാങ്കിന് പ്രത്യേക പെർമിറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചുവപ്പുനാട എടുത്തുമാറ്റുകയാണ് തീരുമാനത്തിലൂടെ ചെയ്തതെന്ന് മേയർ ആഡംസ് പറഞ്ഞു.തീരുമാനത്തെ ന്യൂയോർക്കിലെ മുസ്‌ലിം നേതാക്കൾ സ്വാഗതം ചെയ്തു. നഗരത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വലിയ വിജയമാണിതെന്ന് ന്യൂയോർക്ക് ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് ഇമാം ഷംസി അലി പ്രതികരിച്ചു.