'പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ': ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ ബ്രിട്ടൻ
പലസ്തീനികൾക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന രണ്ട് തീവ്രവലതുപക്ഷ ഇസ്രായേലി മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ. ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്, ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തുന്നത്.
ഗസ്സയിൽ സാധാരണക്കാർ പട്ടിണി കിടക്കുന്നത് ന്യായീകരിക്കപ്പെടുമെന്ന് കഴിഞ്ഞദിവസം സ്മോട്രിച് പറഞ്ഞിരുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തുന്ന കുടിയേറ്റക്കാർ വീരൻമാരാണെന്നായിരുന്നു ബെൻഗിവിറിന്റെ ഒടുവിലത്തെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമെർ വ്യക്തമാക്കിയത്.
അതേസമയം, ഉപരോധ ഭീഷണി തങ്ങളെ നിലപാടുകളിൽനിന്ന് പിന്നോട്ടടിപ്പിക്കില്ലെന്ന് സ്മോട്രിചും ബെൻഗവിറും പറഞ്ഞു. ‘അവർ എന്നെ ഭയപ്പെടുത്തുന്നില്ല. ഇസ്രായേലിന്റെ ഉന്നതമായ ദേശീയ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് തുടരും’ -ബെൻഗവിർ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ പൗരൻമാർക്ക് വേണ്ടി ശരിയായതും ധാർമികവുമായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഒരു ഭീഷണിയും തന്നെ തടയില്ലെന്ന് സ്മോട്രിചും വ്യക്തമാക്കി.
യുകെ, ഫ്രാൻസ്, അൾജീരിയ എന്നീ രാജ്യങ്ങൾ ഗസ്സയിലെ മാനുഷിക സാഹചര്യം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ. ഗസ്സയിലെ മാനുഷിക സാഹചര്യം വളരെയധികം മോശമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ഇസ്രായേൽ എല്ലാവിധ നടപടിയും സ്വീകരിക്കണം. ഗസ്സയിലേക്ക് കൂടുതൽ അളവിൽ മാനുഷിക സഹായം എത്തിക്കാനും യുഎൻ ഏജൻസികൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനും അനുവാദം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇസ്രായേലിനുള്ള സൈനിക സഹായത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുകെയിലെ മുൻ കൺസർവേറ്റീവ് സർക്കാരിനേക്കാൾ ഇസ്രായേലിനെതിരെ കടുത്ത നിലപാടാണ് സ്റ്റാർമർ സർക്കാർ സ്വീകരിക്കുന്നത്. ആയുധ കയറ്റുമതി പരിമിതപ്പെടുത്തുകയും ചില ഇസ്രായേലി കുടിയേറ്റ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രിമാരെയും ഉപരോധിക്കാനുള്ള തീരുമാനം. ബെൻഗവിറും സ്മോട്രിചും വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റത്തെ പിന്തുണക്കുന്നവരാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇത് നിയമവിരുദ്ധമാണെങ്കിലും ഇവർ നേരിട്ട് നേതൃത്വം നൽകി അതിക്രമവും കുടിയേറ്റുവുമെല്ലാം തകൃതിയായി തുടരുകയാണ്.
ബ്രിട്ടന് പുറമെ ഫ്രാൻസും ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി രംഗത്തുണ്ട്. ലബനാനിലെയും ഗസ്സയിലെയും കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങൾ അവഗണിക്കരുതെന്ന് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഓർമിപ്പിക്കുകയും ചെയ്തു.