ബാൾട്ടിമോർ കപ്പൽ ദുരന്തം ; അപകടത്തിന് മുൻപ് ഡാലി ചരക്ക് കപ്പലിൽ വൈദ്യുതി തടസം നേരിട്ടതായി വെളിപ്പെടുത്തൽ
ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം അപകടത്തിനു മുമ്പ് ഡാലി എന്ന ചരക്ക് കപ്പലിൽ വൈദ്യുത തടസം നേരിട്ടതായി വെളിപ്പെടുത്തൽ. തുറമുഖത്തു നിന്നും പുറപ്പെടുന്നതിന് ഏകദേശം 10 മണിക്കൂർ മുമ്പാണ് വൈദ്യുതി തടസമുണ്ടായതെന്ന് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്തത്തിന് ഒരു ദിവസം മുമ്പ് ഒരു ക്രൂ അംഗം അബദ്ധത്തിൽ എക്‌സ്‌ഹോസ്റ്റ് ഡാംപർ അടച്ചതിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയത്. ഇത് ചരക്ക് കപ്പലിന്‍റെ എഞ്ചിൻ സ്തംഭിക്കാൻ ഇത് കാരണമായതായി ദേശീയ ഗതാഗത സുരക്ഷാ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. മാർച്ച് 26 ന് തുറമുഖം വിട്ടതിന് തൊട്ടുപിന്നാലെ, ഡാലിക്ക് വീണ്ടും വൈദ്യുതി നഷ്ടപ്പെട്ടു. ഇതിനു പിന്നാലെ പാലത്തിലിടിക്കുകയും നിമിഷങ്ങൾക്കകം പാലം തകരുകയും ചെയ്തു. കപ്പലിന്റെ സീനിയർ പൈലറ്റിനെയും അപ്രന്റിസ് പൈലറ്റിനെയും മുമ്പ് വൈദ്യുതി നിലച്ച വിവരം അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പൂർണ്ണമായ അന്വേഷണത്തിന് ഒരു വർഷമോ അതിലധികമോ സമയമെടുക്കുമെന്നും ഏജൻസി അറിയിച്ചു. പാലം തകർന്ന ഉടൻ തന്നെ ബോർഡ് അന്വേഷണം ആരംഭിച്ചിരുന്നു. ''എന്താണ് അപകടത്തിനുള്ള കാരണം, എങ്ങനെയാണ് അപകടം സംഭവിച്ചത് , ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണം..ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം'' ബോർഡ് ചെയർ ജെന്നിഫർ ഹോമണ്ടിയുടെ വാക്കുകളെ ഉദ്ധരിച്ച് സിബിഎസ് വാഷിംഗ്ടൺ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നീട് ജീവനക്കാര്‍ക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞെന്നും ടഗ് ബോട്ടുകളുടെ സഹായം തേടിയെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.തുടര്‍ന്ന് കപ്പല്‍ നങ്കൂരമിടാന്‍ പൈലറ്റ് ആവശ്യപ്പെട്ടെങ്കിലും ടഗ് ബോട്ടുകള്‍ സഹായിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നങ്കൂരമിടാനും താമസമുണ്ടായി. പാലത്തില്‍ നിന്നും 100 മീറ്റര്‍ അകലെയായിരിക്കുമ്പോഴാണ് രണ്ടാമതും ഡാലി കപ്പലില്‍ വൈദ്യുതി മുടങ്ങുന്നത്. ആ സമയത്ത് മുന്നറിയിപ്പ് നല്‍കാനായി മറൈന്‍ വീഡിയോ കോള്‍ ചെയ്തെങ്കിലും തൊട്ടടുത്ത നിമിഷം കപ്പല്‍ പാലത്തിലിടിക്കുകയായിരുന്നു. തകർച്ചയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് എഫ്ബിഐ ക്രിമിനൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 26 പുലർച്ചെ 1.30നാണ് അപകടമുണ്ടാകുന്നത്. മേരിലാൻഡിൽ നിന്ന് കൊളംബോയിലേക്ക് യാത്ര തിരിക്കവെയാണ് ഡാലി അപകടത്തില്‍ പെടുന്നത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽനിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറി പാലത്തിലിടിക്കുകയായിരുന്നു. ബാൾട്ടിമോറിലെ പടാപ്‌സ്‌കോ നദിക്ക് കുറുകെയുള്ള 56 മീറ്റർ ഉയരവും 2.6 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പു പാലത്തിന്റെ തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നത്. ആ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അടക്കം പുഴയിൽ വീണു.പാലത്തിൽ അറ്റകുറ്റപണി നടക്കുന്ന സമയത്താണ് അപകടമുണ്ടായത്.നിർമാണത്തൊഴിലിലേർപ്പെട്ട തൊഴിലാളികളും പുഴയിൽ വീണിരുന്നു. ആറ് നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. അവസാനത്തെ മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് കണ്ടെടുത്തത്. കപ്പലിലെ 21 ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
തകര്‍ന്ന പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചിരുന്നു. തിരക്കേറിയ ചരക്കുപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനും, പാലത്തിന്റെ അവശിഷ്ടങ്ങൾ മൂലം ചലിക്കാന്‍ കഴിയാതിരുന്ന ഡാലി കപ്പലിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഉടന്‍ തന്നെ കപ്പലിനെ വീണ്ടും ബാൾട്ടിമോർ തുറമുഖത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അപകടത്തിന് ഒരാഴ്ച മുമ്പ് മാർച്ച് 19 ന് ഡാലി സിംഗപ്പൂരിൽ നിന്ന് യുഎസിൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു.ബാൾട്ടിമോറിലേക്ക് വരുന്നതിനുമുമ്പ് അത് ന്യൂജേഴ്‌സിയിലെ നെവാർക്കിലും വിർജീനിയയിലെ നോർഫോക്കിലും നങ്കൂരമിട്ടിരുന്നു. ഈ തുറമുഖങ്ങളിലെത്തിയപ്പോള്‍ വൈദ്യുതി തടസമുണ്ടായോ എന്നത് സംബന്ധിച്ച് അറിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.