റഫയിൽ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിലും ഇസ്രയേൽ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു
സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ റഫയിലെ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം നാബ്ലസിൽ കഴിഞ്ഞ രാത്രി രൂക്ഷമായ ആക്രമണമാണ് നടത്തിയത്. സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. പട്ടണത്തിൽ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഒരു ബഹുനിലക്കെട്ടിടം തകർന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ വടക്കൻ ഗാസയിലെ അൽ-ഔദ ഹോസ്പിറ്റൽ ഇസ്രയേൽ സൈന്യം സൈനിക ബാരക്കാക്കി മാറ്റിയെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. 80 മെഡിക്കൽ സ്റ്റാഫുകളും 40 രോഗികളും വീടുപേക്ഷിച്ച് പലായനം ചെയ്‌തെത്തിയ 120 പേർ ഉൾപ്പെടെ 240 പേരെ ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തടഞ്ഞുവെച്ചിരിക്കുന്നതായാണ് പറയുന്നത്. ഫെസിലിറ്റി ഡയറക്ടർ അഹമ്മദ് മുഹന്ന ഉൾപ്പെടെ ആറ് ആശുപത്രി ജീവനക്കാരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രയേൽ പട്ടിണിയെ യുദ്ധ ആയുധമാക്കുന്നതായാണ് ആരോപണം. ഇസ്രയേൽ ഗാസയ്ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിലെ കാർഷിക മേഖല തുടച്ചുനീക്കിയതായും ആരോപണമുണ്ട്. എന്നാൽ ആരോപണം നിഷേധിച്ച് ഇസ്രയേൽ രംഗത്തെത്തി. പട്ടിണിക്ക് കാരണം ഹമാസ് ആണെന്നാണ് ഇസ്രയേൽ വാദം. വെള്ളവും ഭക്ഷണവും ഹമാസ് തുരങ്കങ്ങളിലേയ്ക്ക് മാറ്റുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസയിൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ നിന്ന് പിന്മാറാതെ ഇസ്രയേൽ. ഗാസയിൽ ഇതുവരെ 18,787 പേർ കൊല്ലപ്പെട്ടു. ഇതിനിടെ മൂന്ന് ബന്ദികളെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചതിൽ ഇസ്രയേലിൽ പ്രതിഷേധം വ്യാപിക്കുകയാണ്. ഇതിനിടെ പ്രായമായ മൂന്ന് ഇസ്രയേലി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടതും ഇസ്രയേലിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ആദ്യമായാണ് ബന്ദികളുടെ വീഡിയോ പുറത്ത് വരുന്നത്. വീഡിയോയിൽ മൂന്ന് പ്രായമായ ഇസ്രായേലികളാണുള്ളത്. പശ്ചാത്തലത്തിൽ ഒരു ഹീബ്രു ഗാനവും പ്ലേ ചെയ്യുന്നുണ്ട്. അവരിൽ ചിലർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ പ്രായമായ മൂന്ന് പേർ ജീവിച്ചിരിക്കുന്നത് സന്തോഷകരമാണെന്ന് 84 വയസ്സുകാരനായ ബന്ദിയുടെ ബന്ധുവിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
മൂന്ന് ഇസ്രായേലി തടവുകാരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേലി ബന്ദികളുടെ വീഡിയോ പുറത്ത് വന്നത് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിനും സൈന്യത്തിനുമെതിരെയുള്ള പ്രതിഷേധം ശക്തമായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇസ്രയേൽ സാധാരണക്കാരെ ആക്രമിക്കരുതെന്ന ആവശ്യവുമായി ഇതിനിടെ അമേരിക്ക രംഗത്തെത്തി. ഹമാസ് കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലിനെതിരെ ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഇറാനിലെ 70 ശതമാനത്തിലധികം പെട്രോൾ സ്റ്റേഷനുകളിലെ സേവനങ്ങൾ തടസ്സപ്പെടുത്തിയ സൈബർ ആക്രമണത്തിന് പിന്നിൽ ഇസ്രായേലുമായി ബന്ധമുള്ള പ്രിഡേറ്ററി സ്പാരോ ആണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേൽ സാധാരണക്കാരെ ആക്രമിക്കരുതെന്ന ആവശ്യവുമായി ഇതിനിടെ അമേരിക്ക രംഗത്തെത്തി. ഹമാസ് കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലിനെതിരെ ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഇറാനിലെ 70 ശതമാനത്തിലധികം പെട്രോൾ സ്റ്റേഷനുകളിലെ സേവനങ്ങൾ തടസ്സപ്പെടുത്തിയ സൈബർ ആക്രമണത്തിന് പിന്നിൽ ഇസ്രായേലുമായി ബന്ധമുള്ള പ്രിഡേറ്ററി സ്പാരോ ആണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.