റൈഫിളുകളുമായി എത്തി ജയിൽ വാൻ ആക്രമിച്ച് തടവുകാരനെ മോചിപ്പിച്ചു ; രണ്ട് ഗാഡുമാർ കൊല്ലപ്പെട്ടു , 3 പേർക്ക് പരിക്ക്
തടവുകാരനെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ ജയിൽ വാൻ ആക്രമിച്ച് സായുധസംഘം. ആക്രമണം ചെറുക്കാൻ ശ്രമിച്ച രണ്ട് ഗാർഡുകൾ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വാനിലുണ്ടായിരുന്ന തടവുകാരനും അക്രമികളും രക്ഷപ്പെട്ടു. പാരീസിലെ നോർമാൻഡിയിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വാനിലുണ്ടായിരുന്ന മൂന്ന് പേർക്ക് സായുധ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വടക്കൻ ഫ്രാൻസിലാണ് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലെ അക്രമം ഉണ്ടായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടതിയിൽ നിന്ന് തടവുകാരനെ ജയിലിലേക്ക് മാറ്റുകയായിരുന്ന വാനാണ് ആക്രമിക്കപ്പെട്ടത്. ജയിൽ വാനിൽ ഇടിച്ച് കയറിയ കറുത്ത നിറത്തിലുള്ള എസ് യു വിയിൽ തീ പിടിക്കുന്നതും ജയിൽ വാൻ സമീപത്തെ മോട്ടോർവേയിൽ ഇടിച്ച് നിൽക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വലിയ റൈഫിളുകളുമായി എത്തിയ ഹുഡ് ധരിച്ചെത്തിയ രണ്ട് പേരേയും ദൃശ്യങ്ങളിൽ കാണാൻ കഴിയും.
1992ന് ശേഷം ഇത്തരമൊരു സംഭവത്തിൽ ആദ്യമായാണ് ജയിൽ ജീവനക്കാരന് ജീവഹാനിയുണ്ടാവുന്നതെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. കൊല്ലപ്പെട്ട രണ്ട് ജയിൽ ഗാർഡുമാരും കുടുംബമുള്ളവരാണെന്നും ഒരാളുടെ ഭാര്യ അഞ്ച് മാസം ഗർഭിണിയാണെന്നുമാണ് ഫ്രാൻസ് നീതിന്യായ മന്ത്രി എറിക് ഡുപോണ്ട് മൊറേറ്റി പ്രതികരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കിയത്. തട്ടിക്കൊണ്ടുപോയി കൊലപാതകം ചെയ്ത കേസിലും മോഷണക്കേസിലും പ്രതിയായ 30കാരനെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അക്രമം നടന്നത്. അക്രമികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ ഇതിനോടകം കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജയിൽ വാൻ തള്ളിക്കൊണ്ട് പോകാനുപയോഗിച്ച വാഹനവും തടവുകാരൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓഡി കാറുമാണ് കണ്ടെത്തിയിട്ടുള്ളത്. 52വയസും 34 വയസും പ്രായമുള്ള ഗാർഡുമാരാണ് കൊല്ലപ്പെട്ടത്. 13ലേറെ കേസുകളിൽ പ്രതിയായ 30കാരനെയാണ് സായുധ സംഘം ജയിൽ വാൻ ആക്രമിച്ച് മോചിപ്പിച്ചത്.