നീല ടിക്ക് പുനഃസ്ഥാപിച്ചു; മസ്‌കിനോട് നന്ദി പറഞ്ഞ് താരം അമിതാഭ് ബച്ചൻ
തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ വെരിഫിക്കേഷന്‍ മാര്‍ക്കായ നീല ടിക്ക് പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഹിന്ദിയില്‍ എഴുതിയ വളരെ രസകരമായ പോസ്റ്റിലുടെയാണ് ബിഗ് ബി മസ്കിന് നന്ദി പറഞ്ഞത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പണമടച്ചുള്ള ബ്ലൂ സേവനം നല്‍കുന്നതിന്‍റെ ഭാഗമായി പ്രമുഖരുടെ അക്കൌണ്ടില്‍ നിന്ന് പോലും ബ്ലൂ ടിക്കുകൾ നീക്കം ചെയ്തിരുന്നു.
ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി സെലിബ്രിറ്റികൾക്ക് അവരുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബച്ചന്‍റെ ബ്ലൂടിക്ക് തിരിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് മസ്‌കിന് നന്ദി പറഞ്ഞ് രസകരമായ പോസ്റ്റ് ബിഗ് ബി ഇട്ടത്. 1994-ൽ പുറത്തിറങ്ങിയ മൊഹ്‌റ എന്ന ചിത്രത്തിലെ തൂ ചീസ് ബാഡി ഹേ മസ്ക് മസ്ക് എന്ന ഗാനത്തിന്റെ വരികൾ മസ്കിന് വേണ്ടി മാറ്റിയെഴുതി ബച്ചന്‍.
"ഹേയ് മസ്ക് സഹോദരാ! ഞങ്ങൾക്ക് വളരെ നന്ദി! എന്‍റെ പേരിന് മുന്നിൽ ബ്ലൂ ടിക്ക് തിരിച്ചുവന്നിരിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളോട് എന്താണ് പറയുക, സഹോദരാ? എനിക്ക് ഒരു പാട്ട് പാടാൻ തോന്നുന്നു, നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടമാണോ? ഈ പാട്ട് കേള്‍ക്കൂ "തൂ ചീസ് ബാഡി ഹേ മസ്ക് മസ്ക്" - ബച്ചന്‍റെ ട്വീറ്റില്‍ പറയുന്നു.
മൈക്രോബ്ലോഗിംഗ് സൈറ്റിൽ ബ്ലൂ വെരിഫിക്കേഷൻ ബാഡ്ജിന് 8 ഡോളർ ഈടാക്കുന്ന പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം നടപ്പിലാക്കുമെന്ന് ട്വിറ്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൃത്യസമയത്ത് പണം അടയ്ക്കുകയോ സേവനം വാങ്ങുകയോ ചെയ്യാത്തവരുടെ ബ്ലൂടിക്ക് ഒഴിവാക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. amitabh bachchan tweet after restored blue tick