അന്തരീക്ഷ മലിനീകരണം; ആഗോളതലത്തിൽ 2021ൽ മരിച്ചത് 81 ലക്ഷം പേര്‍; ഇന്ത്യൽ 21 ലക്ഷം പേർ
2021-ല്‍ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന അസുഖങ്ങളെ തുടര്‍ന്ന് ലോകത്ത് മരിച്ചത് 81 ലക്ഷം പേര്‍. യു.എസ്. ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരിച്ചവരിൽ 21 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയില്‍ 23 ലക്ഷം പേര്‍ മരിച്ചു. മൊത്തം മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളില്‍നിന്നുമാണ്. റിപ്പോർട്ടനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ ജീവനെടുക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണമുള്ളത്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് മാത്രമാണ് ഇത്തരത്തിലുള്ള മരണസംഖ്യയില്‍ നേരിയ കുറവെങ്കിലും ഉണ്ടായത്.
മലിനവായുവിലൂടെ എത്തുന്ന 2.5 മൈക്രോമീറ്ററില്‍ താഴെയുള്ള ചെറുകണങ്ങള്‍ ശ്വാസകോശത്തില്‍ തങ്ങിനിന്ന് രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അര്‍ബുദം തുടങ്ങിയ നോൺ-കമ്യൂണിക്കബിൾ ഡിസീസസ് അഥവാ സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കും. അന്തരീക്ഷ മലിനീകരണം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുട്ടികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട രേഖകള്‍ പ്രകാരം ലോകത്താകമാനം അഞ്ചുവയസില്‍ താഴെയുള്ള ഏഴുലക്ഷത്തോളം കുട്ടികളാണ് അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെട്ടിട്ടുള്ളത്.