കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗാസ യുദ്ധക്കുറ്റങ്ങളിൽ നടപടി ; ബ്രസീലിൽ നിന്ന് രക്ഷപ്പെട്ട് ഇസ്രയേൽ സൈനികൻ
ഗാസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗാസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽ നിന്ന് പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ 'മെട്രോപോളിസ്' റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് 'ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ ഗസ്സയിൽ വീടുകളും അഭയാർഥി കേന്ദ്രങ്ങളും ബോംബിട്ടു തകർത്ത സംഭവത്തിൽ പങ്കാളിയാണെന്നു കാണിച്ചാണ് ഇസ്രായേൽ സൈനികനെതിരെ എച്ച്ആർഎഫ് ബ്രസീലിയൻ ഫെഡറൽ ജില്ലാ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിക്കാൻ ഫെഡറൽ പൊലീസിനോട് ഉത്തരവിടുകയായിരുന്നു കോടതി. അറസ്റ്റ് നടപടി ഉൾപ്പെടെയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ വൃത്തങ്ങൾ യുവാലിനോട് എത്രയും വേഗം ബ്രസീലിൽനിന്നു രക്ഷപ്പെടാൻ നിർദേശിച്ചത്. ഞായറാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആണ് മന്ത്രാലയത്തിന്റെ കോൺസുലാർ വിഭാഗത്തിലെയും ബ്രസീലിലെ എംബസിയിലെയും വൃത്തങ്ങളെ വിളിച്ച് അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ടത്.
ബ്രസീലിലെ ഇസ്രായേൽ എംബസിയാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട് ചെയ്യുന്നത്. കുടുംബത്തോടൊപ്പം ബ്രസീലിലെ വിവിധ നഗരങ്ങളിൽ യാത്ര ചെയ്യുകയായിരുന്ന യുവാൽ വാഗ്ദാനി നിയമനടപടികളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ഇസ്രായേൽ വൃത്തങ്ങൾ അന്വേഷണത്തെ കുറിച്ച് അറിയിച്ചത്. ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് എംബസി വൃത്തങ്ങളുടെ സഹായത്തോടെയാണ് ബ്രസീലിൽനിന്നു രക്ഷപ്പെട്ടത്. സൈനികൻ വിമാനത്തിൽ ബ്രസീൽ വിട്ടതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.