അയച്ചത് 1995ൽ കിട്ടിയത് 2023ൽ, ശ്രദ്ധ നേടി ഒരു കത്ത്
ഇന്ന് കത്തെഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രിയപ്പെട്ടൊരാളുടെ കത്തിനുവേണ്ടി ദിവസങ്ങളും ആഴ്ചകളും കാത്തിരുന്ന തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. എഴുത്തിനെ സ്‌നേഹിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇന്ന് പ്രിയപ്പെട്ടവർക്ക് കത്തെഴുതുന്നത്. ഇപ്പോഴിതാ 27 വർഷങ്ങൾക്കു മുൻപ് അയച്ച ഒരു കത്ത് ശ്രദ്ധ നേടുന്നു. 27 വർഷങ്ങൾക്കു മുമ്പാണെങ്കിലും കിട്ടിയത് അടുത്തിടെയാണ്. കത്തുകിട്ടിയത്, യഥാർഥ മേൽവിലാസത്തിൽതന്നെയാണെങ്കിലും ആളുമാറിപ്പോയി. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കത്തിലെ ഉള്ളടക്കത്തിൽ നിന്നും വ്യക്തമായത്.
ജോൺ റെയിൻബോ എന്ന വ്യക്തി, ജനുവരി 13നു പ്രഭാതത്തിൽ തന്റെ പോസ്റ്റ് ബോക്സ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ്, പോസ്റ്റ് ബോക്സിൽ ഒരു പഴയ കത്ത് കണ്ടത്. കത്തിന്റെ പഴക്കം കണ്ടപ്പോൾതന്നെ റെയിൻബോയ്ക്ക് കൗതുകം തോന്നി. കത്തു പൊട്ടിച്ചുനോക്കി. എഴുതിയിരിക്കുന്നതു കുടംബവിശേഷങ്ങൾ മാത്രം. 1995 ഓഗസ്റ്റിൽ ഇംഗ്ലണ്ടിലെ സോമർസെറ്റ് ബ്രിഡ്ജ്വാട്ടറിൽനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് യഥാർഥത്തിൽ ജോൺ റെയിൻബോയ്ക്ക് ഉള്ളതായിരുന്നില്ല. ആ വിലാസത്തിൽ നേരത്തെ താമസിച്ചിരുന്ന വ്യക്തിക്കായിരുന്നു.
27 വർഷങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത കത്ത് ഇപ്പോൾ തന്നെ തേടി വന്നതിൽ റെയിൻബോ തെല്ലൊന്ന് അമ്പരക്കുകയും ചെയ്തു. അവിടെ നേരത്തെ താമസിച്ചിരുന്ന വ്യക്തിയെ റെയിൻബോയ്ക്കും കുടുംബത്തിനും പരിചയമില്ല. കത്തിന്റെ യഥാർഥ അവകാശിയെ കണ്ടെത്താൻ റെയിൻബോ ശ്രമം തുടങ്ങി. പലയിടങ്ങളിലും തിരക്കി. അക്കാലത്ത് ആ പരിസരപ്രദേശങ്ങളിൽ താമസിച്ചിരുന്ന പലരെയും കണ്ടെത്താൻ ശ്രമിച്ചു. ചിലപ്പോൾ ചില സൂചനകൾ മാത്രം ലഭിച്ചു. വീണ്ടും സൂചനകളുടെ പിന്നാലെ അന്വേഷണവുമായി പോയി. അവസാനം കത്തിന്റെ യഥാർഥ അവകാശിയെ കണ്ടെത്താൻ സാധിച്ചു. പക്ഷേ, അദ്ദേഹം മരിച്ചുപോയിരുന്നു. ആ കത്തിലേക്കു നോക്കി അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേർന്നു ജോൺ റെയിൻബോ.