യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ബ്രസീൽ താരം ഡാനി ആൽവസിന് തടവ് ശിക്ഷ
ബലാത്സംഗ കേസിൽ മുൻ ബ്രസീൽ,ബാഴ്‌സലോണ താരം ഡാനി ആൽവെസിനു തടവു ശിക്ഷ വിധിച്ച് കോടതി. നാലര വർഷം തടവു ശിക്ഷയാണ് സ്പാനിഷ് കോടതി വിധിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 40 കാരൻ റിമാൻഡിലാണ്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകും.
യുവതിയെ അറിയില്ലെന്നാണ് കേസിൽ ആദ്യഘട്ടത്തിൽ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ മദ്യ ലഹരിയിൽ സംഭവിച്ചതാണെന്ന് വെളിപ്പെടുത്തി. ബാഴ്‌സലോണക്കായി 300ഓളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ലോകകപ്പുകളിൽ കാനറികൾക്കായി ഇറങ്ങിയ ആൽവസ്, പിഎസ്ജി, യുവന്റസ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
ഒളിംപിക് സ്വർണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോൾ താരമാണ്. ബലാത്സംഗ പരാതി ഉയർന്നതിന് പിന്നാലെ ആൽവെസുമായുള്ള കരാർ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ് നേരത്തെ റദ്ദാക്കിയിരുന്നു. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആൽവസ് ബ്രസീൽ ദേശീയ ടീമിനായി 126 മത്സരങ്ങളിൽ എട്ട് ഗോളുകൾ നേടി. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിലും ഇടം പിടിച്ചിരുന്നു