സ്ത്രീകളുടെ ആരോഗ്യവും ആയുര്‍വേദവും; അറിഞ്ഞിരിക്കാം
ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍. ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണിത്. ഇതു നിസാരമായി കാണേണ്ട ഒരു രോഗമല്ല. കാരണം കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ വളരെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേരാം.
ജനിതക-പാരമ്പര്യകാരണങ്ങള്‍, തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, ആയാസരഹിതമായ പ്രവത്തനമേഖലകള്‍, മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവും,
തെറ്റായ ആഹാരശൈലി (ക്രമം തെറ്റിയ ആഹാരം, അമിതാഹാരം, ബേക്കറി, ജങ്ക്ഫുഡ്, കോള തുടങ്ങിയ മധുരപാനീയങ്ങള്‍. വറപൊരി സാധനങ്ങള്‍ ഇവയുടെയുക്കെ അമിത ഉപയോഗം), മറ്റു ഹോര്‍മോണ്‍ സംബന്ധമായ രോഗമുള്ളവര്‍. ഗര്‍ഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം തുടങ്ങിയ പിസിഒഡിക്ക് കാരണമാകുന്നു.
ആര്‍ത്തവ ക്രമക്കേടുകള്‍. അമിതരക്തസ്രാവം. ആര്‍ത്തവരക്തം തീരെ കുറവ്. നീണ്ട ഇടവേളകള്‍ കഴിഞ്ഞ് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന അമിതരക്തസ്രാവം. മാസങ്ങളോളം ആര്‍ത്തവം ഇല്ലാതിരിക്കുക. അമിതമായി ശരീരഭാരം കൂടുക. അമിതമായ മുഖക്കുരു. പുരുഷന്മാരുടെ പോലെയുള്ള രോമവളര്‍ച്ച. തലമുടി അമിതമായി കൊഴിയുക, കഴുത്തിനു ചുറ്റും കറുപ്പുനിറം , ക്ഷീണം, തളര്‍ച്ച, മാനസിക സംഘര്‍ഷം, ഗര്‍ഭവതിയാകാനുള്ള കാലതാമസം, വന്ധ്യത, ഗര്‍ഭം ഉണ്ടായാല്‍ തന്നെ അലസിപോകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.
പ്രാരംഭ ഘട്ടത്തില്‍ നിര്‍ണയിക്കപ്പെടുന്ന പിസിഒഡി കൃത്യമായ ചികിത്സ കൊണ്ടും ജീവിതശൈലി കൊണ്ടും ഒരുപരിധി വരെ ഭേദമാകാവുന്നതാണ്.
ആയുര്‍വേദം പിസിഒഡിയെ ഒരു വാതകഫജ ആര്‍ത്തവ ദൃഷ്ട്ടിയായാണു പരിഗണിക്കുന്നത്. നേരത്തെ സൂചിപ്പിച്ച നിദാനങ്ങളെ കൊണ്ടു ശരീരത്തില്‍ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും അഗ്നിമാന്ദ്യം, ആമാവസ്ഥയിലേക്കു ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സ അഗ്നിബലത്തെ കൂട്ടി ആമത്തത്തിനെ ഉന്മൂലനം ചെയ്തു ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ച് അണ്ഡാശയങ്ങളെ അവയുടെ പ്രാകൃത കര്‍മങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി ആയുര്‍വേദത്തിന്റെ അടിസ്ഥാന ചികിത്സ ആയ പഞ്ചകര്‍മ വമനം, വിരേചനം, വസ്തികള്‍, നസ്യം മുതലായവ ചെയ്യേണ്ടതുമാണ്. അങ്ങനെ ശരീരശുദ്ധി കൈവരിച്ചതിനു ശേഷം നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ വ്യാധിഹര ഔഷധങ്ങള്‍ സേവിക്കുകയും പഥ്യം പാലിക്കുകയും അനാരോഗ്യപരമായ ജീവിതശീലങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.womens health and ayurveda