ഇന്ന് ലോക കാഴ്ചദിനം; കണ്ണിന്റെ ആരോഗ്യത്തെ കൃഷ്ണമണിയോളം കാക്കുക
കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനാണ് എല്ലാവർഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വർഷത്തെയും ലോക കാഴ്ചദിനം മുന്നോട്ട് വെക്കുന്ന സന്ദേശം. ജനന വൈകല്യങ്ങൾ മുതൽ പ്രമേഹം വരെയുള്ളവ കാഴ്ചയെ ബാധിക്കാറുണ്ട്. കുട്ടികളുടെയും വയോധികരുടെയും കാഴ്ച പരിശോധന നടത്തി കാഴ്ച പ്രശ്നങ്ങൾക്ക് കണ്ണടയടക്കമുള്ള പരിഹാരങ്ങൾ നൽകുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്കു പരിശോധനകൾ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിങ് നടത്തുക തുടങ്ങിയവ സാധ്യമാക്കാൻ ലോക കാഴ്ച ദിനം ഓർമിപ്പിക്കുന്നു.
കുട്ടികളിലെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. എന്നിരുന്നാലും ഡിജിറ്റൽ യുഗത്തിൽ സ്‌ക്രീൻ ടൈം കൂടുന്നത് കുട്ടികളടക്കമുള്ളവരുടെ നേത്രാരോഗ്യത്തിന് വെല്ലുവിളിയാവുകയാണ്. കംപ്യൂട്ടറോ മൊബൈൽ ഫോണോ കുടുതൽ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കൻഡ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നൽകാൻ ശ്രദ്ധിക്കണം. ശീലങ്ങളിലെ മാറ്റം പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗികളുടെ നിരക്ക് വർധിപ്പിച്ചതും നേത്രാരോഗ്യത്തിന് വെല്ലുവിളിയാകുകയാണ്. ഏതായാലും കാഴ്ചയില്ലാത്ത ലോകം ദുഷ്‌കരമാണെന്ന തിരിച്ചറിവിൽ കണ്ണിന്റെ ആരോഗ്യത്തെ കൃഷ്ണമണിയോളം കാക്കുക എന്നത് മറക്കാതിരിക്കാം.