അത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല; ദിവസം ഒഴുകുന്നത് മൂന്ന് മൈൽ: വീഡിയോ കാണാം
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല സഞ്ചരിക്കുന്നു..! 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന A23a എന്ന മഞ്ഞുമലയാണ് അന്റാർട്ടിക്കയിൽനിന്ന് നീങ്ങുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തത്. ദിവസവും മൂന്ന് മൈൽ എന്ന തോതിൽ മഞ്ഞുമല ഒഴുകുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. സംഭവിക്കുന്നതു സ്വാഭാവിക ചലനമാണെന്നും പ്രത്യേക കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ. മഞ്ഞുമല കാലക്രമേണ ചെറുതായി കനംകുറഞ്ഞതാകുമെന്നും സമുദ്രപ്രവാഹങ്ങളാൽ ഒഴുകിനടക്കുമെന്നും ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലേസിയോളജിസ്റ്റ് ഒലിവർ മാർഷ് പറഞ്ഞു.
മഞ്ഞുമലയുടെ വിസ്തീർണം 1,500 ചതുരശ്ര മൈൽ ആണ്. അതായത് വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പമുണ്ട്. ഏകദേശം 1,300 അടി കനമുണ്ട്. ഇത് വാഷിംഗ്ടൺ സ്മാരകത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്ന് മടങ്ങ് ഉയരമുള്ളതാണ്. അതായത് അഞ്ഞൂറ് മീറ്ററിൽ അധികം ഉയരമുണ്ട്. 169.046 മീറ്റർ ആണ് വാഷിംഗ്ടൺ സ്മാരകത്തിന്റെ ഉയരം. ഏകദേശം ഒരു ട്രില്യൺ മെട്രിക് ടൺ ആണ് ഇതിന്റെ ഭാരം. അപ്പോൾത്തന്നെ മഞ്ഞുമലയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളു.
Double-whammy iceberg news this morning:
— British Antarctic Survey (@BAS_News) November 24, 2023
1️⃣ The largest iceberg, A23a, is on the move!
Here's its journey out of the Weddell Sea after being grounded on the sea floor after calving in August 1986.
Copernicus Sentinel-1 imagery, Google Earth Engine pic.twitter.com/KseKTD1Wrg
1986 ഓഗസ്റ്റിലാണ് A23a മഞ്ഞുമല അന്റാർട്ടിക്കയിൽനിന്നു വേർപെട്ടത്. പിന്നീട് അന്റാർട്ടിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള തെക്കൻ സമുദ്രത്തിന്റെ ഭാഗമായ വെഡൽ കടലിൽ നിലയുറപ്പിക്കുകയായിരുന്നു. A23a പോലുള്ള വലിയ മഞ്ഞുമലകൾ അന്റാർട്ടിക്കയിൽനിന്ന് ദശാബ്ദത്തിലൊരിക്കൽ പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോൾ, അന്റാർട്ടിക്കയിലെ തണുത്ത ജലത്തിൽ കുടുങ്ങുന്നു. അതുമൂലം മഞ്ഞുമലകൾ ഉരുകാറില്ല. ഇത്രയും വലിയ മഞ്ഞുമലകൾക്ക് പതിറ്റാണ്ടുകളോളം ഒരിടത്തുതന്നെ തൂങ്ങിക്കിടക്കാൻ കഴിയും, പക്ഷേ കുറച്ചുകാലം കഴിയുന്പോൾ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയേക്കാം.
ബ്രിട്ടീഷ് അന്റാർട്ടിക് സർവേ ആണ് 2020ൽ മഞ്ഞുമല വീണ്ടും നീങ്ങുന്നതായി കണ്ടെത്തിയത്. സർവേയിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച് 2022 ലും 2023 ലും മഞ്ഞുമല വെഡൽ കടലിലൂടെ ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ മഞ്ഞുമല അതിവേഗം നീങ്ങുകയും ഇപ്പോൾ അന്റാർട്ടിക് ഉപദ്വീപിന്റെ മുകളിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഇത്രയും വലിയ മഞ്ഞുമല നീങ്ങുന്നത് അസാധാരണമായതിനാൽ, ശാസ്ത്രജ്ഞർ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. മഞ്ഞുമല കിഴക്കോട്ട് പോകുമെന്നും "ഐസ്ബർഗ് ആലി' എന്നു വിളിക്കപ്പെടുന്ന പാതയിൽ അവസാനിക്കുമെന്നും ഈ പ്രദേശത്തുനിന്നു നിരവധി മഞ്ഞുമലകൾ തെക്കൻ അറ്റ്ലാന്റിക്കിലേക്ക് തള്ളപ്പെടുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
A23a മഞ്ഞുമല മനുഷ്യരാശിക്ക് അപായകരമല്ല. എന്നിരുന്നാലും വന്യജീവികൾക്കു പ്രശ്നമായിത്തീരാം. ചില ആശങ്കകൾ ഉയരുന്നുമുണ്ട്. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് നിന്ന് ആയിരം മൈലിലധികം കിഴക്കായി സ്ഥിതി ചെയ്യുന്ന തെക്കൻ ജോർജിയ ദ്വീപിൽ മഞ്ഞുമല അവസാനിക്കും. അവിടെ, അത് സീലുകൾ, പെൻഗ്വിനുകൾ, മറ്റ് കടൽപ്പക്ഷികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
A23a അന്റാർട്ടിക്കയിൽനിന്നു വേർപിരിഞ്ഞത് ഒരു സ്വാഭാവിക സംഭവമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം ഭൂഖണ്ഡത്തിൽ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്നു. 2021ൽ അന്റാർട്ടിക്കയിൽനിന്നു പൊട്ടിത്തെറിച്ച A76 ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. പിന്നീട് അതു മൂന്നു ഭാഗങ്ങളായി ചിതറുകയായിരുന്നു.