ഇടുക്കിയിൽ മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ
കാണാമവളേ... കേൾക്കാമവളേ...
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്...
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻപെണ്ണ്...
മലയാളികളുടെ മനസിൽ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി കനിഞ്ഞരുഗ്രഹിച്ച നാട്. അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാർ, തേക്കടി, രാമക്കൽമേട്, മുനിയറ, അഞ്ചുരുളി, അയ്യപ്പൻകോവിൽ തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, സഞ്ചാരികളെത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് ഇടുക്കിയിൽ.
ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകളുമുള്ള പ്രദേശം. ശാന്തൻപാറയ്ക്കു സമീപമുള്ള അക്കാ തങ്കച്ചിപ്പാറ. വിനോദസഞ്ചാരമേഖലയിൽ വൻ സാധ്യതകളുള്ള പ്രദേശമാണിത്. അക്കാ തങ്കച്ചിപ്പാറയെക്കുറിച്ച് അറിയുന്നവർ മാത്രമാണ് ഇപ്പോളെത്തുന്നത്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ വെളിച്ചത്തുകൊണ്ടുവന്നാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. അത്രയ്ക്കു മനോഹരമായ പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. മറ്റൊരർഥത്തിൽ പറഞ്ഞാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമം.
മഹാശിലായുഗത്തിന്റെ നിരവധി അവശേഷിപ്പുകൾ ഇവിടെ കാണാം. മഹാശിലായുഗത്തിന്റെ അവശേഷിപ്പാണ് അക്കാ തങ്കച്ചിപ്പാറ. ആ കല്ലുപാളികളെ ചുറ്റിപ്പറ്റി ചില ഐതിഹ്യങ്ങളുമുണ്ട്. അക്കാ തങ്കച്ചിപ്പാറയ്ക്കു സമീപമായി ഉയരം കുറഞ്ഞ കല്ലുകളും മുനിയറകളുടെ ഭാഗങ്ങളുമുണ്ട്. കത്തുന്ന വെയിലിലും വീശിയടിക്കുന്ന കാറ്റ് ഇവിടത്തെ പ്രത്യേകതയാണ്. മലനിരകളിൽ മഞ്ഞുമൂടുന്നത് അതിമനോഹരമായ കാഴ്ചയാണ്. മലനിരകളിൽ നിന്നാൽ ആനയിറങ്കൽ ജലാശയവും കാണാം. വൈകുന്നേരങ്ങളിലെ കാഴ്ചകൾ ഒരിക്കലും മറക്കില്ല ആരും!
ശാന്തൻപാറ തോണ്ടിമലയ്ക്കു സമീപമാണ് അക്കാ തങ്കച്ചിപ്പാറ. തമിഴ്നാട് അതിർത്തി ഗ്രാമമാണ് ശാന്തൻപാറ. കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേയിൽ ബോഡിമെട്ട്-പൂപ്പാറ വഴിയിൽ തോണ്ടിമലയിൽ നിന്ന് മല കയറി അക്കാ തങ്കച്ചിപ്പാറയിലെത്താം.