Begin typing your search...

കര്‍ണാടകയിലെ ക്ഷേത്രനഗരികള്‍; അറിയാം

കര്‍ണാടകയിലെ ക്ഷേത്രനഗരികള്‍; അറിയാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കര്‍ണാടക സഞ്ചാരികളുടെ പ്രിയപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കര്‍ണാടകയിലുണ്ട്. വലിയ യുദ്ധങ്ങളുടെയും ജയങ്ങളുടെയും തോല്‍വികളുടെയും വാഴ്ചകളുടെയും വീഴ്ചകളുടെയും കഥകള്‍ കന്നഡമണ്ണില്‍ തെളിഞ്ഞുകിടക്കുന്നു. കര്‍ണാടകയിലെ ചില ക്ഷേത്രനഗരികളിലെ സന്ദര്‍ശനം നമുക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്.

അന്തരഗംഗൈ

കോലാര്‍ പ്രദേശത്തുകൂടിയുള്ള യാത്ര ഹൃദ്യമാണ്. കോലാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക സ്വര്‍ണ ഖനികളാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ആഴത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തേതായിരുന്ന, വര്‍ഷങ്ങള്‍ക്കു മുമ്പു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കപ്പെട്ട കോലാര്‍ ഖനി. എന്നാല്‍, ഖനിയെക്കാള്‍ ഓര്‍മിക്കേണ്ടതായ കുറെ ഇടങ്ങളുണ്ട് കോലാര്‍ ജില്ലയില്‍. അതിലൊന്നാണ് കാശി വിശ്വേശര ക്ഷേത്രം എന്നുകൂടി പേരുള്ള അന്തരഗംഗൈ ക്ഷേത്രം. ട്രക്കിങ്ങിനും ഏറെ പ്രശസ്തമാണ് ഇവിടം.

ബംഗളൂരു നിന്ന് എഴുപതോളം കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തിയാല്‍ കോലാര്‍ ടൗണില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടേയ്ക്ക്. ബാംഗളൂരു കെമ്പഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് എപ്പോളുമുണ്ട് ബസ് സര്‍വീസുകള്‍. കോലാര്‍ ടൗണില്‍ എത്തിയാല്‍ നാട്ടിടങ്ങള്‍ കണ്ട്, പതിയെ നടന്നു വരാം വേണമെങ്കില്‍, ക്ഷേത്രപരിസരങ്ങളിലേയ്ക്ക്. മരങ്ങള്‍ മൂടിയ, ശുദ്ധവായു നിറഞ്ഞ, തണുപ്പ് വഴിയിലൂടെയായതിനാല്‍ ആ കയറ്റം അറിയില്ല എന്നു മാത്രം. ഈ ക്ഷേത്രം വിശ്വാസികള്‍ ഒരു വിശുദ്ധ സ്ഥലമായാണ് കരുതുന്നത്. അതിന്റെ മുഖ്യ കാരണം ഏറെ പരിപാവനമായി കരുതപ്പെടുന്ന ഇവിടുത്തെ കുളമായിരിയ്ക്കാം. ഇതിലേക്ക് ജലമെത്തുന്നത് ഏതോ ഒരുള്ളുറവയിലൂടെയാണ്. ഈ ജലം ഒരു ബസവ ശില്‍പ്പത്തിന്റെ വായിലൂടെയാണ് പുറത്തെത്തുന്നത്. എവിടെ നിന്നാണ് ഈ ജലമുത്ഭവിക്കുന്നത് എന്നത് അജ്ഞാതം. മഴയിലും വേനലിലും ഈ ജലം അനുസ്യൂതം ഒഴുകാറുണ്ടെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ശിവന്റെ ശിരസില്‍ നിന്നുത്ഭവിക്കുന്ന വിശുദ്ധ ഗംഗാജലമാണ് രോഗശാന്തിക്കു കഴിവുള്ള ഈ ജലമെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ധാരാളം ആളുകള്‍ ഈ ജലം കുടിക്കുന്നതും അതില്‍ കുളിക്കുന്നതും കുപ്പികളില്‍ കൊണ്ടുപോകുകയും ചെയ്യാറുണ്ട്.

കോലാര്‍മ്മ ക്ഷേത്രം

കോലാറിന്റെ ദേവതയാണ് കോലാര്‍മ്മ. കോലാറിനെ കാത്തു രക്ഷിക്കുന്ന ചൈതന്യം. കോലാര്‍മ്മയുടെ പേരിലുള്ള ക്ഷേത്രമാണ് ചോള കാല നിര്‍മിതിയായ കോലാര്‍മ്മ ക്ഷേത്രം. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരം കൊല്ലത്തോളം പഴക്കമുള്ളതായി പറയുന്നു. മനോഹരമായ കൊത്തുപണികള്‍ ആണ് ഈ ക്ഷേത്രത്തിന്റെ വലിയൊരു പ്രത്യേകത. കോലാര്‍മ്മയായി ആരാധിക്കപ്പെടുന്നത് ദുര്‍ഗാദേവിയാണ് എന്നാണു സങ്കല്‍പ്പം. കോലാര്‍മ്മയുടെ അനുഗ്രഹം തേടി മൈസൂര്‍ രാജാക്കന്മാര്‍ ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനത്തിനെത്തിയിരുന്നതായി പറയപ്പെടുന്നു.

ക്ഷേത്ര കവാടം കടന്നാല്‍ ഒരു ചതുര മുറ്റത്തേയ്ക്കാണ് നേരെയെത്തുക. ഒത്ത മധ്യത്തില്‍ സ്തൂപമുണ്ട്. പ്രധാന ചുവരില്‍ തന്നെ കൈയില്‍ വാളേന്തി നില്‍ക്കുന്ന ഒരു ചുവര്‍ കൊത്തുപണി കണ്ടപ്പോള്‍ അത് കോലാര്‍മ്മയാകുമെന്ന് തെറ്റിദ്ധരിച്ചുവെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കുതിരകളും യോദ്ധാക്കളും ആനകളും പല്ലക്കുകളുമൊക്കെ അതില്‍ കാണാനാവും. ചോളകാലത്തുള്ള കുറെയേറെ കല്ലെഴുത്തുകള്‍ ഇവിടെയുണ്ട്. കോലാര്‍മ്മ ക്ഷേത്രത്തില്‍ ഒരു ഹുണ്ടികയുണ്ട്. അതിനൊരു ചെറു തുറവിയുണ്ട്. ആ തുറവിക്ക് താഴെ ഭൂമിയിലേക്കു തുറക്കുന്ന വലിയ ഗര്‍ത്തം. നാണയമിടുമ്പോള്‍ നൂറു കണക്കിന് വര്‍ഷങ്ങളായി ഇങ്ങനെ ചെന്ന് കിടക്കുന്ന നാണയങ്ങളില്‍ അവ തൊടുന്ന ശബ്ദം കേള്‍ക്കാം.

ഭോഗനന്ദീശ്വര ക്ഷേത്രം

ബംഗളൂരുവില്‍ നിന്ന് ഏതാണ്ട് 60 കിലോമീറ്റര്‍ യാത്രചെയ്താല്‍ നന്ദി ഗ്രാമത്തില്‍ (ചികബല്ലാപ്പൂര്‍ ജില്ല) നന്ദി കുന്നുകളുടെ അടിവാരത്തില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഈ ക്ഷേത്രസമുച്ചയത്തില്‍ എത്താം. ശിവന് സമര്‍പ്പിതമായ ക്ഷേത്രമാണ് ഭോഗനന്ദീശ്വര. ഇത് കര്‍ണാടകയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. ഒന്‍പതാം നൂറ്റാണ്ടിലാണ് ഇതു പണിതിട്ടുള്ളത്. ഗംഗാ, ചോളാ, ഹൊയ്‌സാല, വിജയനഗര സാമ്രാജ്യങ്ങളുടെ പരിരക്ഷണയില്‍ വന്നിട്ടുള്ള, ദ്രവീഡിയന്‍ വാസ്തുരീതിയിലുള്ള ഈ ക്ഷേത്രസമുച്ചയ പരിസരം ശാന്ത ഗംഭീരമാണ്. മധ്യകാലത്തിനു ശേഷം ചിക്ബല്ലാപുരയിലെ പ്രാദേശിക ഭരണാധികാരികളും മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയും ടിപ്പു സുല്‍ത്താനും ഈ പ്രദേശം നിയന്ത്രണത്തില്‍ കൊണ്ടു വന്നതായി പറയുന്നു. ടിപ്പുവിനു ശേഷം അവ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ വന്നു.

കല്‍ത്തൂണുകളും കൊത്തിവയ്പ്പുകളും നിറഞ്ഞ ക്ഷേത്രത്തില്‍ രണ്ടു പ്രധാന പ്രതിഷ്ഠകളാണ് ഉള്ളത്. അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും. രണ്ടും ശിവനെ പ്രതിനിധീകരിക്കുന്നു. ശിവന്റെ കുട്ടിക്കാലവും യൗവനവുമാണത്രെ ഇവ രണ്ടും. അവിടെ കാണാവുന്ന മറ്റൊരു ചെറിയ പ്രതിഷ്ഠ ഉമാമഹേശ്വരന്റേതാണ്. ശിവ പാര്‍വതി വിവാഹത്തെ സൂചിപ്പിക്കുന്നു ഇത് എന്നാണു കരുതപ്പെടുന്നത്. അതു കൊണ്ട് കൂടിയാവാം വിവാഹച്ചടങ്ങുകള്‍ക്കും നവ വിവാഹിതരുടെ സന്ദര്‍ശനങ്ങള്‍ക്കും ഇവിടെ ഏറെ തിരക്കുമുണ്ട്.

ഭോഗനന്ദീശ്വര ക്ഷേത്രത്തിലെ പുഷ്‌കര്‍ണി എന്നറിയപ്പെടുന്ന നാലുപാടും ചവിട്ടു പടികളോടു കൂടിയ ചില്ലുപച്ചക്കുളം ഭക്തരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്നു. പ്രദേശത്തെ ആളുകള്‍ ഇതിനെ ശൃംഗേരി തീര്‍ത്ഥം എന്നാണു വിളിക്കുന്നത്. ഉത്സവകാലത്ത് ദീപങ്ങള്‍ നിറഞ്ഞു സുന്ദരമാകും പുഷ്‌കര്‍ണി.

WEB DESK
Next Story
Share it