ശിരുവാണി; കൊതിപ്പിക്കുന്ന പറുദീസ
1916-ൽ കോടമഞ്ഞ് ഇറങ്ങിയ ഒരു പകലിൽ, ശിരുവാണി കാടിനുള്ളിൽ കുതിരവണ്ടിയുടെ കുളമ്പടി ശബ്ദം മുഴങ്ങിക്കേട്ടു. അപരിചിതമായ ശബ്ദം കേട്ട ജന്തുമൃഗാദികൾ അപകടം മണത്തറിഞ്ഞ് ഉൾക്കാട്ടിലേക്കു വലിഞ്ഞു. വാഹനത്തിനു പിന്നാലെ വന്നവർ കുതിരവണ്ടിയിൽ ഉണ്ടായിരുന്ന സായിപ്പ് ജോൺ ഹണ്ടിന്റെ അജ്ഞാനുസരണം കാടുകൾ കീറി വഴിച്ചാലുകൾ വെട്ടി. ശിരുവാണിയെന്ന നിബിഡവനത്തിൽ ആദ്യമായി അങ്ങനെ മനുഷ്യഗന്ധം വീണു.
കാടു വെട്ടി 3000 ഏക്കറിൽ റബർ വച്ചുപിടിപ്പിക്കുകയായിരുന്നു സായിപ്പിന്റെ പദ്ധതി. ആദ്യപടിയെന്നോണ്ണം കുതിരയ്ക്കു പോകത്തക്കവിധം വഴികൾ തീർത്തു. കൂടെ ഒരു റബർ നഴ്സറിയും കെട്ടിപ്പടുത്തു. എന്നാൽ, വിധി മറ്റൊന്നായിരുന്നു. 1921-ൽ മലബാർ ലഹള പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാർ വരുന്നതറിഞ്ഞ് സായിപ്പ് കാട്ടിലൊളിച്ചു. സായിപ്പിനെ തെരഞ്ഞ് കാണാതെ ക്ഷുഭിതരായ ലഹളക്കാർ ബംഗ്ലാവിൽ ഉണ്ടായിരുന്ന പട്ടികൾക്കു നേരെ തിരിഞ്ഞു. പട്ടികൾ പൂട്ടുപൊട്ടിച്ച് നേരെ ഓടിയത് യജമാനന്റെ അടുത്തേക്കും. പട്ടികളെ പിന്തുടർന്ന് എത്തിയ ലഹളക്കാർ കുഴിയിൽ ഒളിച്ചിരുന്ന സായിപ്പിനെ കണ്ടെത്തി. ആ കുഴിയിൽ തന്നെയിട്ട് അയാളുടെ കഥ കഴിച്ചു.
സായിപ്പ് കൊല്ലപ്പെട്ട് വർഷങ്ങൾ മുന്നോട്ടുപോയിരിക്കുന്നു. കുടിയേറ്റക്കാർ ഭൂമി കൈയേറി. ചരിത്രം കാടുകയറി, ചിലത് പുസ്തകത്താളുകളിൽ മയങ്ങി. അന്ന്, ജോൺ ഹണ്ട് വനത്തിൽ വരച്ചിട്ട വഴികൾ ടാറിട്ട ചെറുറോഡുകളായി പരിണമിച്ചു. ശിരുവാണിയിൽ തമിഴ്നാട് സർക്കാർ അണക്കെട്ട് പണിതു. അതോടെ ഇവിടം അറിയപ്പെടുന്ന ഇക്കോ ടൂറിസകേന്ദ്രവുമായി മാറി.
പാലക്കാട് നഗരത്തിൽ നിന്ന് പാലക്കാട്-കോഴിക്കോട് ഹൈവേയിൽ എടക്കുറിച്ചിയിൽ നിന്ന് വലത്തോട്ട് 22 കിലോമീറ്റർ ദൂരമുണ്ട് ശിരുവാണിക്ക്. എടക്കുറിച്ചിയിൽ നിന്ന് വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലയോരഗ്രാമങ്ങൾ താണ്ടി മലകൾ കയറി എത്തുന്നത് ഇഞ്ചിക്കുന്ന് ചെക്ക് പോസ്റ്റിനു മുന്നിൽ. ഇവിടെനിന്ന് ശിരുവാണിക്കുള്ള പ്രവേശനപാസ് എടുക്കണം. ആന, കടുവ, പുലി, കാട്ടുപോത്ത്, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ വിഹരിക്കുന്ന വനമായതുകൊണ്ട് വനംവകുപ്പിന്റെ വാഹനത്തിലാണ് അകത്തേക്കു വിടുക. ഇഞ്ചിക്കുന്നിൽ നിന്ന് ഒമ്പത് കിലോമീറ്ററാണ് ശിരുവാണി അണക്കെട്ടിലേക്ക്. പോകുന്ന വഴിയിലെ ശിങ്കപ്പാറ മേഖലയിൽ ആനകൾ ധരാളമായി ഉണ്ടാകാറുണ്ട്.
വനത്തിലെ പറുദീസ
സായിപ്പുമാർക്ക് എന്നും ശിരുവാണി കൊതിപ്പിക്കുന്ന പറുദീസയായിരുന്നു. ജോൺ ഹണ്ടിന്റെ കൊലയ്ക്കു ശേഷവും ബ്രീട്ടിഷുകാർ മരംവെട്ടിയിറക്കാൻ ശിരുവാണിയിൽ എത്തിയിരുന്നു. കാടിനുള്ളിൽ മൂന്നടിയെന്ന് അറിയപ്പെടുന്ന വഴിത്താരകൾ ഇവരാണ് നിർമിച്ചത്. കൂടാതെ റെയിൽപ്പാത നിർമാണത്തിനാവശ്യമായ സ്ലീപ്പർ മരങ്ങൾ വെട്ടി കൊണ്ടുപോകുന്നതിന് കുതിരയ്ക്കും ആളുകൾക്കും ആനകൾക്കും മരങ്ങൾ വലിച്ചുകൊണ്ടുപോകാൻ പാകത്തിനുള്ള വഴികളും (ഈ വഴികൾ ഏലുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്) നിർമിച്ചു. അണക്കെട്ടിന്റെ സമീപത്തായുള്ള കുന്നിൽ മൈലോൺ എന്ന സായിപ്പ് നിർമിച്ച പട്ടിയാർ ബംഗ്ലാവ് എന്നൊരു കെട്ടിടം ഉണ്ട്. അണക്കെട്ട് പണിയുന്നതിനു വർഷങ്ങൾക്കു മുമ്പേ നിർമിച്ചതാണ് ഈ ബംഗ്ലാവ്. ഇവിടെ നിന്ന് നോക്കിയാൽ മലയുടെ മുകളിൽനിന്ന് ചെറുവെള്ളച്ചാട്ടങ്ങളുടെ അകമ്പടിയോടെ രാജകീയമായി പതിക്കുന്ന ശിരുവാണി വെള്ളച്ചാട്ടം കാണാം. അണക്കെട്ടിന്റെ കിഴക്കുഭാഗത്തുള്ള മുത്തികുളം കുന്നിലാണ് വെള്ളച്ചാട്ടം. കോടമഞ്ഞും മഴയും തണുത്ത കാറ്റുമേറ്റ് ആനയും പുലിയും കാട്ടുപോത്തും കരടിയുമുള്ള കാട്ടിൽ ഒരു രാത്രി താമസിക്കുകയെന്നത് ഏതോരു സഞ്ചാരിയുടെയും സ്വപനമാണ്. അതു പൂവണിയും വിധമാണ് സായിപ്പ് ഈ ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ആയുധവിമാനം തകർന്നുവീണു
മുത്തികുളം കുന്നിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ആയുധവിമാനം തകർന്നുവീണിരുന്നു. അതിന്റെ അവിശിഷ്ടങ്ങൾ ഇപ്പോളുമുണ്ടെന്നാണ് ആദിവാസികൾ പറയുന്നു. വിമാനം കിടക്കുന്നിടത്ത് എത്താൻ കൊടുംകാട്ടിലൂടെ 21 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം. ശിരുവാണി വനത്തിലെ ഉറവകളിൽ നിന്ന് ഉത്ഭവിക്കുന്ന ജലം ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും രുചിയുള്ള വെള്ളമാണ്.
അണക്കെട്ടിന്റെ താഴ്വശത്തുകൂടിയുള്ള റോഡിലൂടെ പോയാൽ കേരള-തമിഴ്നാട് അതിർത്തിയായ കേരളമേട്ടിൽ എത്താം. കൊടുംകാട്ടിലൂടെയാണ് പാത. അപകടകാരികളായ മൃഗങ്ങൾ നിരത്തിലുണ്ടാകും. രാത്രി ഇതുവഴിയുള്ള സഞ്ചാരം വിലക്കിയിട്ടുമുണ്ട്. കേരളമേട്ടിൽനിന്ന് 30 കിലോമീറ്റർ ദൂരമെയുള്ളൂ കോയമ്പത്തൂരിലേക്ക്. പക്ഷേ, കേരളമേട് ചെക്ക്പോസ്റ്റ് വരെയാണു വാഹനം അനുവദിക്കുകയുള്ളു. ഏഴുമലകൾ താണ്ടി ശിവനെ കാണാൻ തമിഴർ എത്തുന്ന വെള്ളിക്കിരി ക്ഷേത്രവും കോയമ്പത്തൂർ നഗരവും കാണാൻ ഞങ്ങൾ ചെക്ക്പോസ്റ്റ് കടന്ന് അതിർത്തിയിലുള്ള കുന്നിൻമുകളിലേക്കു നടന്നു. ആനത്താരയാണ് ഈ കുന്ന്. ആനയെ പിടിക്കാൻ നിരോധനം വരുന്നതിന് മുമ്പുള്ള വാരിക്കുഴികളും ഇവിടെയുണ്ട്. വനം കൊള്ളക്കാരൻ വീരപ്പൻ ഒരു കാലഘട്ടത്തിൽ ഒളിവിൽ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കുന്നുകൾ കയറിയിറങ്ങി നടക്കുന്നതിനിടെ ഒരു വൃദ്ധനെ കാണാനിടയായി. അയാളോട് ജോൺ ഹണ്ടിനെക്കുറിച്ച് തിരക്കിയപ്പോൾ യഥാർഥ കഥ വെളിച്ചത്ത് വരുകയായിരുന്നു. സായിപ്പ് നല്ലവനായിരുന്നുവെന്നാണ് അയാളുടെ പക്ഷം.
സായിപ്പിനെ കൊന്ന് വെട്ടിമൂടിയ സ്ഥലത്തിന് കല്ലറയെന്നാണ് പേര് വിളിക്കുന്നത്. കൊടുംകാട്ടിനുള്ളിലുള്ള ഈ സ്ഥലത്തേക്ക് പണ്ട് ആളുകൾ പോകാറുണ്ടായിരുന്നു. പോയ പലർക്കും അപകടങ്ങൾ സംഭവിച്ചതിൽപ്പിന്നെ ആരും അങ്ങോട്ടു പോകാതായി. സായിപ്പിന്റെ പ്രേതമുണ്ടെന്നാണ് പറയുന്നത്- അയാൾ പറഞ്ഞു.