സ്ഥിരം ചിക്കൻ കറി മാറ്റിപിടിക്കാം; നല്ല നാടൻ ചിക്കൻ പെരട്ട് ഉണ്ടാക്കാം സ്‌റ്റെലായി
എന്നും ഒരേ ചിക്കൻ കറി കഴിച്ച് മടുത്തോ?. എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ പെരട്ട് റെസിപ്പി നോക്കിയാലോ? അര മണിക്കൂറിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണ് ഇത്. സാധാരണ ചിക്കൻ കറി ഉണ്ടാക്കുന്ന അതേ സാധനങ്ങൾ ഉപയോഗിച്ച് ഈ റെസിപ്പി തയ്യാറാക്കാം.
ആവശ്യമുളള സാധനങ്ങൾ
ചിക്കൻ - 1 കിലോ
സവാള- 4 എണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി- 2 എണ്ണം അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്- 2 ടീസ്പൂൺ
മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ
മുളക്‌പൊടി- ഒരു ടീസ്പൂൺ
കശ്മീരി മുളക്‌പൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
ചിക്കൻ മസാല- 3 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
നെയ്യ്- 1 ടേബിൾസ്പൂൺ (നിർബന്ധമില്ല)
തയാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി കുറച്ച് ഉപ്പ്, 2 1/2 ടേബിൾ സ്പൂൺ ചിക്കൻ മസാല ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ഒരു ചുവട് കട്ടിയുളള പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, 1 ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർക്കുക. നന്നായി ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് ചതച്ചത് ചേർത്ത് 1 മിനിറ്റ് ഇളക്കിയ ശേഷം ചിക്കൻ ഇട്ടുക. 5 മിനിട്ട് തീ കൂട്ടി വച്ച് നന്നായി വറുക്കുക. ഇടയ്ക്കിടെ ചിക്കൻ പൊടിഞ്ഞ്‌പോകാതെ നന്നായി ഇളക്കി വറുക്കുക.
മറ്റൊരു പാത്രത്തിൽ കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റിയശേഷം മഞ്ഞൾപ്പൊടി, മുളക്‌പൊടി, കശ്മീരി മുളക്‌പൊടി, 1/2 ടേബിൾസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് വഴറ്റുക. ശേഷം തക്കാളി കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഈ മസാല വറുത്ത ചിക്കനിലേക്ക് ചേർക്കുക. മസാല ചേർക്കുമ്പോൾ തീ കൂട്ടിവയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം നന്നായി ജോയിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കണം. ആവശ്യത്തിന് കറിവേപ്പില ചേർത്ത് 5 മിനിറ്റ് ശേഷം തീ കുറച്ച ശേഷം അടച്ച് വെച്ച് വേവിക്കാം. വെള്ളം വറ്റി വേണ്ടുന്ന ഗ്രേവിയാകുമ്പോൾ കുറച്ച് കൂടി കറിവേപ്പില ചേർത്തി വാങ്ങി വയ്ക്കാം. എരിവ് കുറവാണെങ്കിൽ 2/3 പച്ചമുളക് നടുകെ കീറി ഇടാം. ടേസ്റ്റും കൂടും. അപ്പം, പൊറോട്ട, പുട്ട് എന്നിവയുടെ കൂടെയൊക്കെ നല്ല കോംബിനേഷൻ ആണ്. തീർച്ചയായും ഉണ്ടാക്കി നോക്കണേ.