35-ാം വയസിൽ വിശ്രമജീവിതം; അമേരിക്കൻ യുവാവ് സമ്പാദിച്ചുകൂട്ടുന്നത് കോടികൾ
വിശ്രമജീവിതത്തെക്കുറിച്ച് ആവലാതിപ്പെടുന്നവരാണ് അധികവും. വാർധക്യത്തിൽ രോഗവും കൂടി പിടിപെട്ടാൽ ജീവിതം പിന്നെ ദുരിതമായിത്തീരും. ഒറ്റപ്പെട്ടുപോകുമോ, കുടുംബാംഗങ്ങളിൽനിന്ന് അവഗണനയും പീഡനങ്ങളും നേരിടേണ്ടിവരുമോ, തന്റെ സമ്പാദ്യം വാർധക്യജീവിതത്തിനു തികയുമോ... ഇത്തരത്തിലുള്ള ആശങ്കകളാണ് പലർക്കും. നാണയപ്പെരുപ്പത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെയും അമിത നികുതിയുടെയും
കാലഘട്ടത്തിൽ സമ്പാദ്യമെന്നതു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. പക്ഷേ, ചെറിയരീതിയിലുള്ള സമ്പാദ്യശീലം നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. ഭാവി ജീവിതം സുരക്ഷിതമാക്കാനും കഴിയും. ഭാവിയിലേക്കു കരുതലൊന്നുമില്ലാതെ ധൂർത്തടിച്ചു ജീവിക്കുന്നവർക്ക് അമേരിക്കയിൽനിന്നുള്ള ടാനർ ഫിൾ എന്ന 29കാരനെ മാതൃകയാക്കാം. യുവാവിന്റെ വിശ്രമജീവിതവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുമാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. 35 വയസു മുതൽ വിശ്രമജീവിതം നയിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതിനുവേണ്ടി ഫിൾ മൂന്നു കോടിയോളം സമ്പാദിച്ചുകഴിഞ്ഞു. 35 വയസ് ആകുമ്പോഴേക്കും തന്റെ സമ്പാദ്യം 6,25,000 ഡോളറാക്കാനും പിന്നീട് വിശ്രമജീവിതം നയിക്കാനുമാണു പദ്ധതിയിടുന്നത്.
യുഎസിലെ മിനിയാപൊളിസിലാണ് ഭാര്യ ഇസബെല്ലയോടൊപ്പം ഫിൾ താമസിക്കുന്നത്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക എന്നത് ഫിളിന്റെ ചെറുപ്പം തൊട്ടേയുള്ള ശീലമാണ്. ആ ശീലമാണ് അദ്ദേഹത്തിന് കോടികൾ സമ്പാദിക്കാൻ കഴിഞ്ഞതും. തന്നെപ്പോലെ തന്നെയാണ് ഭാര്യയെന്നും അനാവശ്യച്ചെലവുകൾ വരുത്തിവയ്ക്കാറില്ലെന്നും ഫിൾ പറയുന്നു.ഭാര്യയും ഒരു വയസുള്ള മകനും അടങ്ങുന്നതാണ് ഫിളിന്റെ കുടുംബം. സോഫ്‌റ്റ്വെയർ എൻജിനിയർ ആയ ഫിളിന് ഒരു കോടിയിലേറെ രൂപ ശമ്പളമായി ലഭിക്കുന്നു. ജീവിതച്ചെലവുകൾക്കു ശേഷം ബാക്കിയുള്ള തുക അദ്ദേഹം സമ്പാദ്യമായി നീക്കിവയ്ക്കുന്നു.