ഗോത്രരുചിക്കൂട്ടിൽ പുഴമീൻ കറി തയാറാക്കാം
പുഴമീൻ കറി ഗോത്രരീതിയിൽ കറിവച്ചുനോക്കിയാലോ. നാവിൽ രുചിപടർത്തുന്ന വിഭവം ആർക്കും ഇഷ്ടപ്പെടും. കാരണം ഇതിന്റെ സ്വാദ് വേറെതന്നെ..!
ആവശ്യമുള്ള സാധനങ്ങൾ
പുഴമീൻ
മുളകുപൊടി 1 ടീസ്പൂൺ
മല്ലിപ്പൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ജീരകം
ഉപ്പ്
വെളിച്ചെണ്ണ 2 ടീസ്പൂൺ
കടുക്
കറിവേപ്പില
ചതച്ച ഇഞ്ചി ഒരു ടീസ്പൂൺ
വെളുത്തുളളി 4 അല്ലി
പച്ചമുളക് 4,5
കുടംപുളി 2,3
ശ്രദ്ധിക്കാൻ- മീനിന്റെ അളവിനനുസരിച്ച് ചേരുവകൾ എടുക്കുക.
എങ്ങനെ തയാറാക്കാം
ഒരു മൺചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക് അരിഞ്ഞത് ചേർത്തിളക്കുക. അടുത്തതായി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കണം. ചതച്ച വെളുത്തുളളി ഇട്ട് ഇളക്കിയ ശേഷം അല്പം വെളളം ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും കുടംപുളിയും ചേർക്കണം. ഇവ തിളക്കുമ്പോൾ കഴുകി മുറിച്ച മീൻ കഷണങ്ങൾക്കൊപ്പം ചതച്ച ഇഞ്ചി, വെളുത്തുളളി, ജീരകം എന്നിവ ചേർക്കാം. മീൻ നന്നായി വെന്തുകഴിയുമ്പോൾ മറ്റൊരു പാത്രത്തിൽ കടുകും കറിവേപ്പിലയും താളിച്ചൊഴിക്കുക. രുചികരമായ പുഴമീൻ കറി തയാർ.