'ഗുണത്തിൽ കേമൻ'; കുരുമുളക് ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം
കുരുമുളകിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ആരോഗ്യഗുണങ്ങളിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും മുമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബിയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ ധാരാളമുണ്ട്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പച്ചക്കുരുമുളക് വച്ച് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തേങ്ങ ചിരകിയത്- ആവശ്യത്തിന്
പച്ച കുരുമുളക്- രണ്ട് തിരി
ജാതിപത്രി- ഒരു ചെറിയ കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ചെറിയുള്ളി- ആറ് എണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ചെറു നാരകത്തിന്റെ ഇല- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
വാളൻ പുളി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഇവയെല്ലാം ചേർത്ത് അരച്ചാൽ അടിപൊളി കുരുമുളക് ചമ്മന്തി റെഡി. മിക്സിയിൽ ആണ് അരയ്ക്കുന്നതെങ്കിൽ അടർത്തിയ കുരുമുളകും, ഇഞ്ചിയും, ജാതിപത്രിയും, ഇലകളും നന്നായൊന്ന് അരച്ചതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് അരയ്ക്കുന്നതായിരിക്കും നല്ലത്.