കുട്ടികളിലെ പൊണ്ണത്തടി പ്രശ്നമാണ്; ശ്രദ്ധിക്കണം
പൊണ്ണത്തടി തടയേണ്ടതു കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. 2022ൽ ഇന്ത്യയിൽ പൊണ്ണത്തടിയുള്ള 12.5 ദശലക്ഷം കുട്ടികളും കൗമാരക്കാരുമുണ്ടെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്. ഉദാസീനമായ ജീവിതശൈലിയും ജങ്ക് ഫുഡുമാണ് ഏറ്റവും വലിയ കാരണങ്ങളായി ഡോക്ടർമാർ പറയുന്നത്.
മറ്റു കാരണങ്ങളുമുണ്ട്, ഉറക്കക്കുറവ്, അമിതമായ ടിവി/മൊബൈൽഫോൺ കാഴ്ച, പ്രതികൂലമായ അന്തരീക്ഷം മൂലമുള്ള ഉത്കണ്ഠ തുടങ്ങിയവയും പൊണ്ണത്തടിക്കു കാരണമാകുന്നു. 2022ലെ യുണിസെഫിന്റെ വേൾഡ് ഒബിസിറ്റി അറ്റ്ലസ് പറയുന്നത്, 2030ഓടെ ഇന്ത്യയിൽ 27 ദശലക്ഷത്തിലധികം പൊണ്ണത്തടിയുള്ള കുട്ടികൾ ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. പോഷകാഹാരക്കുറവും അമിത പോഷകാഹാരവുമാണ് ഇന്ത്യയിലെ അവസ്ഥയെന്നും അവർ പറയുന്നു.
അമിതവണ്ണം മൂലം പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ തങ്ങളുടെ കുട്ടികൾ ഭാവിയിൽ വൻ ആരോഗ്യപ്രശ്നങ്ങളിൽ അകപ്പെടും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പൊണ്ണത്തടിയുടെ പേരിൽ കുട്ടിയെ കളിയാക്കരുത്, പൊണ്ണത്തടി കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചാ വിഷയമാക്കരുത്, ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് വ്യാകുലപ്പെടരുത്, വികാരങ്ങളെക്കുറിച്ചും കുട്ടിയുടെ മാനസിക ക്ഷേമത്തെക്കുറിച്ചും സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു. കുട്ടികൾക്കു വീട്ടിലുണ്ടാക്കുന്ന ലളിതമായ സമീകൃത ഭക്ഷണം അനുയോജ്യമാണ് - അരി, റൊട്ടി, തിന തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾക്കൊപ്പം ധാരാളം പച്ചക്കറികൾ, പരിപ്പ്/പനീർ/ചിക്കൻ എന്നിവ പ്രോട്ടീനിനായി ചേർക്കുക. പഴങ്ങളും പാലും തൈരും കഴിക്കുക.