ചരിത്രമുറങ്ങുന്ന മിശ്ക്കാൽ പള്ളിയും റമദാനും കുറ്റിച്ചിറക്കാരും
കിഴക്കൻചക്രവാളത്തിൽ റംസാൻചന്ദ്രിക മിന്നിയാൽ പിന്നെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും പരിസരങ്ങളും തിരക്കിലാണ്. നോന്പുകാലത്ത് ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരന്പര്യത്തിന് കോഴിക്കോടൻ പൈതൃക പെരുമയുടെ പിൻബലവുമുണ്ട്. റംസാൻ വ്രതമായാൽ കുറ്റിച്ചിറക്കാർക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നോന്പു കാലത്ത് ഇവിടെയെത്തുന്നവർക്ക് ഒരു പുതുമയെങ്കിലും നൽകാനുള്ള ഒരുക്കത്തിലാകും ഇവിടെത്തുകാർ. നോന്പുതുറയ്ക്കായി കോഴിക്കോടൻ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സന്പന്നമാകും.
സാമൂതിരി ഭരണത്തിലും പടയോട്ടക്കാലത്തും തുടങ്ങിയ കുറ്റിച്ചിറയുടെ മതസൗഹാർദ്ദത്തിന്റെ സഞ്ചാരപഥം തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറി മുന്നേറുകയാണ്. സാമൂതിരി ഭരണത്തിന്റെ അടയാളമായി ഒരേക്കർ വിസ്താരമുള്ള ചിറ. സമീപത്തായി ചരിത്രത്തിന്റെ ഏടുകൾ വിശ്രമിക്കുന്ന മിശ്ക്കാൽ പള്ളിയും ജുമാഅത്ത് പള്ളിയും. പ്രദേശം നാമം വിശാലമായ ചിറയ്ക്കു ചാർത്തി നൽകിയതോടെ കുറ്റിച്ചിറയുടെ മഹിമ വിദേശികളും സ്വദേശികളും ഏറ്റുപാടി. കോഴിക്കോടൻ സംസ്കാരത്തിനും സൗഹാർദ്ദത്തിനും സാഹിത്യത്തിനും സംഗീതത്തിനും ലഭിച്ച സ്വീകാര്യതയ്ക്കു കുറ്റിച്ചിറയുടെ പങ്ക് അനിർവചനീയമാണ്. 14-ാം നൂറ്റാണ്ടിൽ യമൻ സ്വദേശി നാഖൂദ മിശ്ഖാൽ നിർമിച്ച മിശ്ക്കാൽപള്ളിയും 1,200 വർഷം പഴക്കമുള്ള മുച്ചുന്തിപള്ളിയും കുറ്റിച്ചിറയിൽ പൈതൃകത്തിന്റെ ആലേഖനങ്ങളായി ഇന്നും നിലക്കൊള്ളുന്നു. കോഴിക്കോട്ടെ ഖാദിമാരുടെ ആസ്ഥാനം കൂടിയാണ് മിശ്ക്കാൽപള്ളി.
മിശ്ക്കാൽ പള്ളിയിലും ജുമാഅത്ത് പള്ളിയിലും മഗ്രിബ് നമസ്ക്കാരം കഴിഞ്ഞാൽ പിന്നെ കുറ്റിച്ചിറയിലെ രുചിഭേദങ്ങൾ തേടി ഓരോരുത്തരും ഇറങ്ങും. പ്രദേശവാസികൾ പള്ളികളിലും തറവാടുകളിലും നടക്കുന്ന തറാവിഹ് നമസ്ക്കാരത്തിനു ശേഷമാകും കുറ്റിച്ചിറയിലേക്കു കുടുംബസമേതമെത്തുക. ചട്ടിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, മുട്ട സുർക്ക, ഇറച്ചിപ്പത്തിരി, കട് ലെറ്റുകൾ, സമൂസ, നൈസ് പത്തിരി, ഐസ് ഒരതി തുടങ്ങിയ കോഴിക്കോടൻ സ്പെഷ്യൽ വിഭവങ്ങൾക്കൊപ്പം ഇന്ത്യൻ, അറേബ്യൻ മെനുവും ഫ്രൂട്ട് സാലഡുകളും ഇവിടെ ലഭിക്കും. മാംസത്തിലും മത്സ്യത്തിലുമുള്ള വൈവിധ്യങ്ങളായ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇഷ്ടഭക്ഷണം തത്സമയം പാകം ചെയ്തു സ്വന്തമാക്കാനും ഇവിടെ അവസരം ലഭിക്കും. കുടുംബസമേതമെത്തി ഇഷ്ടഭക്ഷണം വാങ്ങി കുറ്റിച്ചിറയുടെ കൽപ്പടവുകളിലിരുന്ന് കിസ പറഞ്ഞു കഴിയ്ക്കാനെത്തുന്നവർ ഏറെയാണ്.
കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നാണ് നോന്പുകാലം അപൂർവ സുന്ദര അനുഭവമാക്കാൻ നിരവധി പേർ ഇവിടെയെത്തുന്നത്. ഇഷ്ടവിഭവങ്ങൾ കഴിച്ചും ആവശ്യത്തിനു വീട്ടിലേക്കു വാങ്ങിയുമാണു പലരും കുറ്റിച്ചിറയിൽ നിന്നു മടങ്ങുക. നോന്പുതുറ കഴിഞ്ഞ് അടുത്ത ദിവസത്തെ വ്രതത്തിനുമുന്പുള്ള അത്താഴം കഴിച്ചു മടങ്ങുന്നവരും നിരവധിയാണ്. 13 വർഷത്തോളമായി കുറ്റിച്ചിറയിലെ രുചിഭേദങ്ങളുടെ നോന്പുകാലം തുടങ്ങിയിട്ട്.
കുറ്റിച്ചിറയുടെ സമീപത്തെ അതിരാണിപാടത്തിന്റെയും മിഠായിത്തെരുവിന്റെയും കഥപറഞ്ഞ എസ്.കെ. പൊറ്റെക്കാട്ടും എൻ.പി. മുഹമ്മദും സാഹിത്യരംഗത്ത് കുറ്റിച്ചിറയെ അടയാളപ്പെടുത്തിയാണു കടന്നുപോയത്. നാടകം കളിയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞ കാലത്ത് അരങ്ങിലേറാൻ ധൈര്യം കാണിച്ച കോയമാരും ഇവിടെയുണ്ടായിരുന്നു. സിനിമരംഗത്തു തിളങ്ങുന്ന ഹാസ്യതാരം മാമുക്കോയ, ഭരണരംഗത്തു മിന്നിയ സി.എച്ച്. മുഹമ്മദ്കോയയും അതിന്റെ പരന്പരകളാണ്. എം.എസ്. ബാബുരാജും കോഴിക്കോട് അബ്ദുൾഖാദറും മലയാള സംഗീതത്തിന്റെ ശ്രേഷ്ഠപദവിയിലേക്കെത്തുന്നതും കുറ്റിച്ചിറയിലെയും സമീപങ്ങളിലെയും കൂട്ടുകുടുംബസഹൃദയ സദസുകളിലൂടെയാണ്.
നോമ്പുകാലത്തു രാത്രി മുഴുവനും ഇവിടെത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും. കുറ്റിച്ചിറയ്ക്കു ചുറ്റുമുള്ള സ്ഥിരം കടകളിലും താത്കാലിക കടകളിലും നിന്നുതിരിയാൻ സ്ഥലമില്ലാത്ത വിധത്തിലാണു പുരുഷാരം. ഒഴുവുദിവസങ്ങളിലും ഞായറാഴ്ചകളിലും തിരക്കു പാരമ്യത്തിലെത്തും. വിധയിടങ്ങളിൽ നിന്നുമെത്തിയവർ ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും വാങ്ങി രാത്രി വൈകി മടങ്ങുന്പോഴും കുറ്റിച്ചിറക്കാരന്റെ മനസ് അസ്വസ്ഥമായിരിക്കും. എല്ലാം ഇഷ്ടമായില്ലേ..., എന്ന ചോദ്യത്തിനു ചിരിച്ചുള്ള മറുപടി വരെയുള്ള സന്ദേഹമാണത്. അടുത്ത നോന്പിനും വരണമെന്ന ക്ഷണത്തിനൊപ്പം കുറ്റിച്ചിറക്കാരൻ അടുത്ത അതിഥിയെ വരവേൽക്കാനുള്ള തിരക്കിലേക്ക് അമരും.