പോകാം വയലടയിൽ, സഹ്യന്റെ മടിത്തട്ടിൽ മയങ്ങാം
കാനന സൗന്ദര്യം നുകർന്ന് ഹിമകാറ്റേറ്റ് സഹ്യന്റെ മടിത്തട്ടിലേക്കു യാത്ര പോകാം. വയനാടൻ താഴ്വാരത്തെ സുന്ദരപ്രദേശമായ വയലടയിലേക്ക്. മലബാറിന്റെയും കോഴിക്കോടിന്റെയും ഗവിയായി ഉയിർക്കൊണ്ട ഇവിടം സഞ്ചാരികളുടെ പറുദീസയാണിന്ന്. കാറ്റേൽക്കാനും കുളിരിൽ അലിയാനുമായി നിരവധിപേരാണ് കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരത്തേക്ക് എത്തുന്നത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ്. ഹെയർപിൻ വളവുകൾ താണ്ടി പ്രകൃതിയെ തൊട്ടുരുമ്മി സൗന്ദര്യം ആവോളം ആസ്വദിച്ചാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്.
ചെറു വെള്ളച്ചാട്ടങ്ങൾ യാത്ര കൂടുതൽ ആകർഷകമാക്കും. മൗണ്ട് വയലട, വ്യൂ പോയന്റ്, ഐലന്റ് വ്യൂ മുള്ളൻപാറ, കോട്ടക്കുന്ന് വ്യൂ പോയന്റ് എന്നീ മുനമ്പുകൾ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കും.
കോട്ടക്കുന്ന് മല, മുള്ളൻപാറ
വയലടയിലെത്തിയാൽ ഏറ്റവും ഉയരംകൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളൻപാറയിലേക്കുമാണ് യാത്രികർ നീങ്ങുക. കോട്ടക്കുന്ന് മലയിലെത്തിയാൽ പ്രകൃതിയുടെ മടത്തട്ടിൽ ഇരുന്നു പ്രകൃതിയുടെ ദൃശ്യവിസ്മയം ആസ്വദിക്കാനാകും. മനസിനു കുളിർമയും ഹരവും പകരുന്നതാണ് ഇവിടെത്തെ കാഴ്ചകളെല്ലാം. മുള്ളൻപാറയിലെത്തിയാൽ കക്കയം, പെരുമണ്ണാമൂഴി റിസർവോയർ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, പേരാമ്പ്ര ടൗൺ, അറബിക്കടൽ എന്നിവയുടെയെല്ലാം സുന്ദരവിദൂരദൃശ്യങ്ങളും ഇവിടെ നിന്നു മനസിലേക്കു പതിക്കും.
മുള്ളൻപാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകൾ നിറഞ്ഞ പാതയിലൂടെ നടന്നു വേണം ഇവിടേക്കു കയറാൻ. ആ യാത്ര സഞ്ചാരികളുടെ മനസിൽ എന്നും അവിസ്മരണീയ മുഹൂർത്തമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവിൽ ചെന്നെത്തുന്നത്തു മുള്ളുകളാൽ പുതച്ച പാറയുടെ മുകളിലാണ്. മുള്ളൻപാറയിൽ നിന്നു നോക്കിയാൽ കക്കയം ഡാം വരെ കാണാം. വൈദ്യുതി ഉത്പാദനത്തിനു ശേഷം ഡാമിൽ നിന്നു പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നിൽക്കുന്ന കാടും ഇവിടെ നിന്നുള്ള സുന്ദര കാഴ്ചയാണ്. വർഷത്തിലൊരിക്കൽ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. വയലടയിലേക്കുള്ള വഴികളിലും കരിയാത്താൻപാറ പോലുള്ള പ്രകൃതിയുടെ സമ്മോഹന വിരുന്നുകളുണ്ട്.
വയലടയ്ക്കുള്ള യാത്രയിൽ കയറ്റങ്ങൾ ഉണ്ടെങ്കിലും വർണാഭ പകരുന്ന ദൃശ്യങ്ങൾ യാത്രയെ ആയാസരഹിതവും സജീവവുമാക്കും. വാഹനമിറങ്ങിയ ശേഷം കാൽനടയായി കയറാനുണ്ട് വ്യൂ പോയിന്റ് എത്താൻ. വലിയ പാറക്കൂട്ടങ്ങളും അവയെ കെട്ടിവരിഞ്ഞു നിൽക്കുന്ന ഹരിതാഭയും കണ്ണിനു കുളിർമ നൽകുന്നതാണ്.
സഹ്യന്റെ മടിത്തട്ട്
സഹ്യന്റെ മടിത്തട്ടിലെ ഈ അനുഗ്രഹീത പ്രദേശമായ വയലടയെക്കുറിച്ചു ഭൂരിഭാഗം മലബാറുകാർക്കും പോലും മുമ്പ് അറിയില്ലായിരുന്നു. ഒരിക്കൽ വയലട സന്ദർശിക്കുന്നവരുടെ മനസിൽ നിന്നൊരിക്കലും ഇവിടുത്തെ പച്ചപ്പും കോടമഞ്ഞിൻ തണുപ്പും മാഞ്ഞുപോകില്ല. അവർ നൽകിയ വിവരണങ്ങളിലൂടെയാണ് വയലട സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർക്കൊപ്പം വിവാഹ ആൽബങ്ങൾ ഷൂട്ട് ചെയ്യാനും, ഹണിമൂൺ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും നിരവധിയാണ്. വയലടയുടെ സൗന്ദര്യം മതിവരുവോളം അസ്വദിച്ചവരാണ് കോഴിക്കോടിന്റെ ഗവി എന്ന പേരു നൽകിയതും. ഇപ്പോൾ ഇതരസംസ്ഥാനക്കാർ വരെ വയലടയെ കുറിച്ച് അറിഞ്ഞു ധാരാളമായി എത്താറുണ്ട്. തമിഴ്നാട്ടിൽ നിന്നാണു കൂടുതൽ പേരുമെത്തുന്നത്.
കോഴിക്കോട് ബാലുശേരിയിൽ നിന്നു വളരെയടുത്താണ് വയലട. ബാലുശേരിയിൽ നിന്ന് അവിടേക്ക് ബസ് സർവീസുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ നിന്ന് 12 കി.മീ അകലെയാണ് വയലട. കോഴിക്കോട് നഗരത്തിൽ നിന്ന് ബാലുശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയിൽ നിന്ന് 20 കി.മീ. ആണ് ദൂരം.