ദേശാടന പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന ഗ്രാമം
പക്ഷികള്‍ ആത്മഹത്യ ചെയ്യുമോ? ചോദ്യം പോലും അത്ഭുതമായി തോന്നാം. എന്നാല്‍ ഈ അത്ഭുതം നൂറ്റാണ്ടുകളായി നടന്നു വരുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. പേര് ജതിംഗ. വെറും 2500 ആളുകള്‍ മാത്രം താമസിക്കുന്ന വളരെ ചെറിയൊരു ഗ്രാമമാണ് ജതിംഗ. എന്നാല്‍ ഇവിടെ നടക്കുന്ന അത്ഭുതപ്രതിഭാസത്തിന്റെ പേരില്‍ ഈ ഗ്രാമം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ ഗ്രാമത്തിലെത്തുന്ന ദേശാടന പക്ഷികള്‍ ഒരിക്കലും തിരിച്ചു പോകാറില്ല. അവര്‍ ഈ മണ്ണില്‍ തന്നെ മരിച്ചു വീഴുന്നു.
പക്ഷികളുടെ കൂട്ട മരണമാണ് ജതിംഗയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. ദേശാടന പക്ഷികള്‍ ഇവിടെ താമസിച്ച് മരിച്ചു പോവുകയല്ല. പകരം അവര്‍ കൂട്ടമായി ആത്മഹത്യ ചെയ്യുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സെപ്റ്റംബറിലേയും ഒക്ടോബറിലേയും അമാവാസി ദിനങ്ങളിലാണ് ഇവിടെ പക്ഷികളുടെ മരണം സംഭവിക്കുന്നത്. ഈ ദിവസങ്ങളില്‍ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 9.30 വരെയുള്ള സമയത്ത് ദേശാടനപക്ഷികള്‍ കൂട്ടമായി മരിച്ചുവീഴുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രതിഭാസം നടക്കുന്നതെന്നതിന് ആര്‍ക്കും കൃത്യമായ മറുപടിയില്ല.
നൂറ്റൂണ്ടുകളായി ഇവിടെ ഇങ്ങനെ പക്ഷികളുടെ ആത്മഹത്യ സംഭവിക്കുന്നുണ്ടെന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു. ഇപ്പോഴും അതാവര്‍ത്തിക്കുന്നു. ആളുകള്‍ പല കാരണങ്ങളാണ് പറയുന്നത്. ഈ ഭൂമി ശാപം കിട്ടിയതാണെന്നും അതാണിവിടെ പക്ഷികള്‍ മരിച്ചു വീഴുന്നതെന്നും ചിലര്‍ പറയുമ്പോള്‍ ഇവിടുത്തെ ഭൂമിയുടെ ശക്തമായ കാന്തിക മണ്ഡലത്തിന്റെ ആകര്‍ഷണത്താലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മറ്റു ചിലര്‍ പറയുന്നു. എന്നാല്‍ കൃത്യമായൊരുത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.