ലോകത്തെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യത്ത് പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട..!
നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.
എല്ലാ രാജ്യങ്ങളിലും പാസ്പോർട്ടില്ലാതെ പോവാനാവില്ല. ഇന്ത്യൻ പൗരന്മാർക്ക് ചില രാജ്യങ്ങളിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാം. നമ്മുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും സഞ്ചരിക്കാൻ പാസ്പോർട്ട് ആവശ്യമില്ല. പാസ്പോർട്ടോ വീസയോ ഇല്ലാതെ കൈയും വീശി ഈ രാജ്യങ്ങളിൽ ചെന്ന് കാഴ്ചകൾ കാണാം. ഈ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ കാരണമാണ് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്.
ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള പ്രകൃതിരമണീയമായ രാജ്യമാണ് ഭൂട്ടാൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാടെന്നാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. സുന്ദരമായ പ്രകൃതിക്കാഴ്ചകളും സംസ്കാരവുമൊക്കെക്കൊണ്ട് സമ്പന്നമാണ് ഭൂട്ടാൻ. ഇവിടെ പ്രവേശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് വേണ്ട. ആധാറോ വൊട്ടർ ഐഡിയോ പോലെ ഒരു ഫോട്ടോ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കാം. ഈ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കുന്ന സമയത്ത് ഭൂട്ടാനീസ് ടൂറിസം കൗൺസിലിൽ നിന്ന് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. ഈ പെർമിറ്റുണ്ടെങ്കിൽ രാജ്യം ചുറ്റിക്കാണാം.
പാരോ വാലിയാണ് ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ഇവിടെയുള്ള ബുദ്ധ ദേവാലയം വളരെ പ്രശസ്തമാണ്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവും ആളുകൾ സന്ദർശിക്കാറുണ്ട്. പുനാഖ സോങ് എന്നറിയപ്പെടുന്ന കെട്ടിടവും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.