ചോറ് കഴിക്കാനുള്ള ശരിയായ രീതി അറിയാം
ഒരു പാത്രം ചോറ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. എപ്പോഴും സമീകൃതാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അരി പോലുള്ള കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കണം.
"ലീൻ പ്രോട്ടീനുകൾ (ബീൻസ്, ടോഫു, ചിക്കൻ അല്ലെങ്കിൽ മീൻ പോലുള്ളവ), പലതരം പച്ചക്കറികൾ, മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലെയുള്ളവ) എന്നിവയുമായി സംയോജിപ്പിച്ചാൽ അരി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതാവസ്ഥ നൽകുകയും വിവിധ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു," നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വർഷ ഗോറി പറഞ്ഞു.
ചോറ് കഴിക്കാനുള്ള ശരിയായ രീതി
താഴെപ്പറയുന്ന കാര്യങ്ങൾ മനസിൽ വെച്ചുകൊണ്ട് പോഷകാഹാര വിദഗ്ധർ അംഗീകരിച്ച രീതിയിൽ ചോറ് കഴിക്കാം.
ചോറിനൊപ്പം പച്ചക്കറികൾ ഉൾപ്പെടുത്തുക
പച്ചക്കറികളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ചോറിനൊപ്പം പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിലൂടെ ഭക്ഷണത്തിൽ പോഷകങ്ങൾ ചേർക്കുക മാത്രമല്ല, മാക്രോ ന്യൂട്രിയന്റ് പ്രൊഫൈൽ സന്തുലിതമാക്കാനും ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഊർജ സാന്ദ്രത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ഡോ.ഗോറി വിശദീകരിച്ചു. പാത്രത്തിൽ പകുതി പച്ചക്കറികളും നാലിലൊന്ന് മെലിഞ്ഞ പ്രോട്ടീനും നാലിലൊന്ന് ചോറ് പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റും നിറയ്ക്കുക എന്നതാണ് ശരിയായ രീതി.
പച്ചക്കറികളും ചോറും 2:1 അനുപാതത്തിൽ വേണം
പച്ചക്കറികൾ നാരുകളും അവശ്യ പോഷകങ്ങളും നൽകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ സമീകൃത ഉപഭോഗം ഉറപ്പാക്കാൻ, ഒരു ഭാഗം അരിക്ക് രണ്ട് ഭാഗം പച്ചക്കറികളാണ് ശുപാർശ ചെയ്യുന്ന അനുപാതമെന്ന് ഡയറ്റീഷ്യൻ ഉഷാകിരൺ സിസോദിയ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ചോറിനൊപ്പം ഒരു പ്രോട്ടീൻ സ്രോതസ് ഉൾപ്പെടുത്തുക
ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. വെജിറ്റേറിയൻകാർ ചോറിനൊപ്പം പരിപ്പ് കൂടി ചേർക്കുന്നത് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും നൽകും. നോൺ-വെജിറ്റേറിയൻമാർക്ക്, മെലിഞ്ഞ മാംസം, മത്സ്യം അല്ലെങ്കിൽ മുട്ട എന്നിവ മികച്ച ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസുകളാണെന്ന് സിസോദിയ പറഞ്ഞു.
ചോറിനൊപ്പം നെയ്യ് ചേർക്കാൻ ഭയപ്പെടരുത്
ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ നെയ്യ് മിതമായ അളവിൽ കഴിക്കണം. ഏതെങ്കിലും കൊഴുപ്പിന്റെ അമിതമായ ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ചില ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതിനും കാരണമാകും.