മനുഷ്യന് വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും..?
മനുഷ്യനു വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും? വെള്ളം കുടിക്കാതെ ഇരിക്കുന്ന അവസ്ഥയെക്കുറിച്ചു നാം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ, ഇതേക്കുറിച്ച് ചില പഠനങ്ങൾ പറയുന്നതിങ്ങനെയാണ്. വെള്ളമില്ലാതെ ആളുകൾക്ക് രണ്ടു ദിവസം മുതൽ ഏഴു ദിവസം വരെ ജീവിക്കാൻ കഴിയുമത്രെ! എന്നാൽ ഇത് പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സമയത്ത് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം സംഭവിക്കാം. അപ്രതീക്ഷിതമായി കാറിൽ കുടുങ്ങുപ്പോകുന്ന ആൾക്കും ഇതുപോലെ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിക്കാം.
തന്റെ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് റാൻഡൽ പാർക്കർ പറയുന്നതിങ്ങനെയാണ്. വളരെ ചൂടുള്ള അന്തരീക്ഷത്തിൽ മുതിർന്നവരുടെ ശരീരത്തിൽനിന്ന് ഒന്നു മുതൽ 1.5 ലിറ്റർ വരെ വെള്ളം വിയർപ്പിന്റെ രൂപത്തിൽ പുറന്തള്ളും. ഈ സമയങ്ങളിൽ വെള്ളം ലഭിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിക്കുന്നു. ശരീരം വേഗത്തിൽ ഓക്സിജൻ പമ്പ് ചെയ്യുകയും ശരീരഭാരത്തിന്റെ രണ്ട് ശതമാനം അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
രണ്ടാം ഘട്ടം, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. കിഡ്നിയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് എത്തുന്നതിന്റെ അളവു കുറയുന്നതുമൂലം മൂത്രത്തിന് ഇരുണ്ടനിറമാകും. വിയർപ്പിന്റെ അളവിൽ കുറവു രേഖപ്പെടുത്തും. ഇതുമൂലം ശരീരത്തിന്റെ താപനില വർധിക്കുന്നു. ഇതൊരു മുന്നറിയിപ്പാണ്. രക്തം കട്ടിയാകുന്നു എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഓക്സിജന്റെ അളവ് നിലനിർത്തുന്നതിനു ഹൃദയം വേഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങും. ഈ സമയത്ത് നമ്മുടെ ശരീരത്തിന്റെ ഭാരം നാലു ശതമാനം വരെ കുറയുന്നു. ഇതുമൂലം രക്ത സമ്മർദ്ധം കുറയുകയും തലകറക്കമുണ്ടാകുകയും ചെയ്യുന്നു.
മൂന്നാം ഘട്ടം അപകടം നിറഞ്ഞ അവസ്ഥയിലേക്കു കൊണ്ടുപോകും. ഈ അവസ്ഥയിൽ ശരീരഭാരം ഏഴ് ശതമാനം വരെ കുറയുന്നു. ബിപി സന്തുലിതമായി നിലനിൽക്കില്ല. കിഡ്നി പോലുള്ള സുപ്രധാന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയും. ഇതിലൂടെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഇതിനെ അക്യൂട്ട് ട്യൂബുലാർ നെക്രോസിസ് എന്നാണു വിളിക്കുന്നത്.
വെള്ളവും ഭക്ഷണവുമില്ലാതെ ഒരു വ്യക്തിക്ക് എത്ര ദിവസം ജീവിക്കാനാകും എന്നു കൃത്യമായി പറയാനാവില്ല. വെള്ളവും ഭക്ഷണവുമില്ലാതെ ഏറ്റവും കൂടുതൽ കാലം ജീവിച്ചതിന്റെ റെക്കോർഡ് ആൻഡ്രിയാസ് മിഹാവെക്സിന്റെ പേരിലാണ്. വെള്ളമില്ലാതെ കുറെ നാൾ ജീവിച്ചവർ വേറെയുമുണ്ട്. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ അവരെല്ലാം സ്വന്തം മൂത്രം കുടിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.