പ്രകൃതിയുടെ കൗതുകം...; ആരെയും കുട്ടികളാക്കുന്ന എക്കോ പോയിൻറ്; മൂന്നാറിലെത്തുന്നവർ പോകൂ
പുതുവർഷം ആഘോഷിക്കാൻ മൂന്നാർ പോകുന്നവർ സന്ദർശിക്കേണ്ട കൗതുകം നിറഞ്ഞ സ്ഥലമാണ് എക്കോ പോയിൻറ്. ഏവരും ഇഷ്ടപ്പെടുന്ന ഇവിടത്തെ പ്രത്യേകത ശബ്ദത്തിൻറെ പ്രതിധ്വനിയാണ്. കുട്ടിത്തത്തെ തൊട്ടുണർത്തുന്നതാണ്. ഏതു ശബ്ദവും ഇവിടെ പ്രതിധ്വനിപ്പിക്കും. ഇവിടെയെത്തുന്നവർ കുട്ടികളെപ്പോലെ ആർത്തുല്ലസിക്കുന്നതും പതിവുകാഴ്ചയാണ്.
മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് എക്കോ പോയിൻറ്. ഇവിടത്തെ പ്രതിധ്വനിയും പ്രദേശത്തിൻറെ മനോഹാരിതയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 600 അടി ഉയരത്തിലുള്ള എക്കോ പോയിൻറ് സാഹസിക നടത്തത്തിനും അനുയോജ്യമായ ഇടമാണ്. പ്രകൃതിഭംഗി ആസ്വദിച്ച് വനാന്തരത്തിലൂടെ ഒരു സവാരി എക്കോ പോയിൻറ് തേടിയെത്തുന്നവരെ കാത്തിരിക്കുന്നു.
മൂന്നാർ-കൊടൈക്കനാൽ റോഡിലെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് എക്കോ പോയിന്റ്. 1700 മീറ്റർ ഉയരത്തിലുള്ള ടോപ് സ്റ്റേഷൻ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. വെണ്മേഘങ്ങൾ കയ്യെത്തും ദൂരെത്താണെന്ന പ്രതീതിയും ടോപ് സ്റ്റേഷനെ ആകർഷകമാക്കുന്നു. അപ്പോൾ മൂന്നാറിലെത്തുന്നവർ എക്കോ പോയിൻറ് സന്ദർശിക്കാൻ മറക്കേണ്ട..!