പിടിയും കോഴിക്കറിയും; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
പിടിയും കോഴിയും കേരളത്തില്‍ നുറ്റാണ്ടുകൾക്ക് മുമ്പേ പ്രചാരത്തിലുണ്ട്. നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. വറുത്തരച്ച കോഴിക്കറികൂടിയാണെങ്കില്‍ സ്വാദ് ഇരട്ടിയാകും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നേക്കാം
പിടി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - 1/2 ടീസ്പൂണ്‍
ചുവന്നുളളി- 4 എണ്ണം
ഉപ്പ് - പാകത്തിന്
ചൂടുവെളളം - ആവശ്യത്തിന്
സാധാരണ വെളളം - 4 കപ്പ്
വറുത്ത അരിപ്പൊടി - 100 ഗ്രാം
തയ്യാറാക്കുന്ന വിധം
തേങ്ങ,ജീരകം,ചുവന്നുള്ളി ഇവ അരച്ച് അരിപ്പൊടിയും ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് കുഴച്ച് കൊഴുക്കട്ടയ്ക്കുളള പാകത്തില്‍ മാവ് തയ്യാറാക്കിയെടുക്കുക. ഈ മാവില്‍ നിന്ന് കുറേശ്ശെ എടുത്ത് നെല്ലിക്കാവലിപ്പത്തില്‍ ഉരുളകളാക്കി മുകളില്‍ കുറച്ച് വറുത്ത അരിപ്പൊടി വിതറി വയ്ക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ അതിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക. ഇതില്‍ അരിപ്പൊടിയും ചേര്‍ത്ത് കുറുകിവരുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങി വയ്ക്കാം.
കോഴിക്കറി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
കോഴി - 1കിലോ(ചെറിയ കഷണങ്ങളായി മുറിച്ച് വൃത്തിയാക്കിയത്)
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍+ 3 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് -5 എണ്ണം
ചുവന്നുളളി അരിഞ്ഞത് - 1കപ്പ്
കശ്മീരി മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം- ആവശ്യത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം മുറിച്ചത്
കറിവേപ്പില - 4 തണ്ട്
തയ്യാറാക്കുന്ന വിധം:
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഒരുടീസ്പൂണ്‍ എണ്ണ ഒഴിച്ച് തേങ്ങ ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം അരച്ചെടുത്ത് വയ്ക്കാം. ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ ചതച്ച് വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണചൂടാക്കി ചതച്ച് വച്ചത് ചേര്‍ത്ത് വഴറ്റി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ഇടാം. ഇതൊന്ന് വാടിത്തുടങ്ങുമ്പാള്‍ കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി ഉപ്പ് ഇവചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
തക്കാളി ചേര്‍ത്ത് വേകുന്നത് വരെ അടച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഇറച്ചി ചേര്‍ത്ത് പാകത്തിന് വെളളവും ഒഴിച്ച് ഇളക്കി മൂടിവച്ച് വേവിക്കുക. ചിക്കന്‍ വെന്തശേഷം വറുത്തരച്ച തേങ്ങചേര്‍ത്ത് തീ കുറച്ചുവച്ച് ചാറ് കുറുകുന്നത് വരെ വേവിക്കുക. ഒരുപാനില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചുവന്നമുളകും ചേര്‍ത്ത് താളിച്ച് കറിക്ക് മുകളില്‍ ഒഴിച്ച് അടച്ചുവയ്ക്കാം. പിടിയോടൊപ്പം സ്വാദോടെ കഴിക്കാവുന്നതാണ്.