ഡുമഗട്ട; ഫിലിപൈൻസിലെ തീരസുന്ദരി
ഏഴായിരത്തിലേറെ ദ്വീപുകൾ ചേർന്ന രാജ്യമാണ് ഫിലിപ്പൈൻസ്. ഈ ദ്വീപസമൂഹങ്ങളിൽ രണ്ടായിരത്തോളമെണ്ണത്തിലേ മനുഷ്യവാസമുള്ളൂ. ഈ ദ്വീപസമൂഹങ്ങളെ ലുസോൺ, വിസായാസ്, മിൻഡനോവ എന്നു മൂന്നായി വിഭജിച്ചിട്ടുണ്ട്. വിസായാസിലുള്ള നെഗ്രോസ് ദ്വീപിന് നെഗ്രോസ് ഓറിയെന്റൽ എന്നും നെഗ്രോസ് ഓക്സിഡന്റൽ എന്നും രണ്ടു വിഭാഗങ്ങളാണുള്ളത്. ഇന്ത്യക്കാർക്കു പൊതുവെ അത്ര മതിപ്പില്ലാത്ത ഫിലിപ്പിൻ ജനതയെക്കുറിച്ച് ഒട്ടനവധി തെറ്റിദ്ധാരണകളുണ്ട്.
'സിറ്റി ഓഫ് ജന്റിൽ പീപ്പിൾ' എന്ന വിശേഷണത്തെ അന്വർത്ഥമാകുന്ന ഇടപെടലുകളുടെ നഗരമാണ് ഡുമഗട്ട. കടലോര കാഴ്ചകളുടെ തെളിച്ചവും വൃത്തിയുള്ള പൊതുനിരത്തുകളും കടൽക്കാറ്റ് കൊണ്ടു നടക്കാവുന്ന ബോലിവാർഡ് എന്ന നടപ്പാതയും കടൽവിഭവങ്ങളുടെ വൈവിധ്യം സമ്മേളിക്കുന്ന കടൽത്തീര റസ്റ്റോറന്റുകളും കൊണ്ട് പരദേശിയുടെ ദിവസങ്ങൾക്ക് ആഹ്ലാദം പകരുന്ന പട്ടണമാണിത്. നിരന്തരമായ ഭൂമികുലുക്കവും ചുഴലിക്കാറ്റും അപ്രതീക്ഷിതമായി പോലും സംഭവിക്കുന്ന ഇടമാകുമ്പോഴും നെഗ്രോസ് ദ്വീപിലെ ഈ ചെറുപട്ടണത്തെ പ്രവാസിക്ക് സ്വന്തമെന്നപോലെ ഹൃദയത്തോടു ചേർത്തുപിടിക്കാം. സഞ്ചാരിസൗഹൃദം മുഖമുദ്രയാക്കിയവയാണു പൊതുനിരത്തുകൾ.
നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള ഷെയറിങ് ഓട്ടോയ്ക്ക് സമാനമായ പെഡിക്യാമ്പിലാണ് സാധാരണക്കാരന്റെ ഹ്രസ്വദൂരഗതാഗതം. സൈക്കിൾ റിക്ഷയുടെ പുതിയ രൂപം. മോട്ടോർ സൈക്കിളും അതിന്റെ വശത്തു ഘടിപ്പിച്ച മേൽമൂടിയുള്ള വശം തുറന്ന ക്യാമ്പും ചേർന്നതാണ് പെഡിക്യാമ്പ്. ഡ്രൈവറുടെ ഇരിപ്പിടത്തിനു പുറകിൽ രണ്ടു പേർക്കിരിക്കാം. ക്യാമ്പിനുള്ളിൽ ആറു പേർക്ക് ഇരിക്കാം. പെഡിക്യാമ്പിനുള്ളിൽ മീറ്ററൊന്നുമില്ല. പക്ഷേ യാത്രക്കാരനെ പറ്റിക്കുന്ന പണം ആവശ്യപ്പെടുന്ന പതിവൊന്നുമവിടെയില്ല. പെഡിക്യാമ്പും മനുഷ്യരും ഇവിടെ ഒരുപോലെ തന്നെ, തിരക്കുകളില്ല, ആക്രോശങ്ങളില്ല, ഒഴുകിനീങ്ങുന്ന അലസഗാമിയായ നഗരത്തിന്റെ മന്ദതാളത്തിലാണ് പെഡിക്യാമ്പുകളുടെയും സഞ്ചാരം.
സ്ത്രീ-പുരുഷസമത്വം താരതമ്യേന പുലർത്തുന്ന സമൂഹമാണ് ഡുമഗട്ടയിലുള്ളത്. സർക്കാരോഫീസിലും യൂണിവേഴ്സിറ്റികളിലും ആരാധനാലയങ്ങളിലുമൊക്കെ സ്ത്രീപ്രാതിനിധ്യവും ഇടപെടലുകളും വളരെയധികമാണ്. ഭരണപാടവവും ആത്മവിശ്വാസവും സൗഹാർദ്ദവും തുളുമ്പുന്ന പെരുമാറ്റ രീതി അധികാരം കയ്യാളുന്ന സ്ത്രീകൾ പുലർത്തിയിരുന്നു. വിവാഹം വേണ്ടെന്നു തീരുമാനിച്ച നിരവധി സ്ത്രീ-പുരുഷന്മാർ സമൂഹത്തിന്റെ നോട്ടപ്പുള്ളികളാകാതെ സാധാരണ പോലെ സ്വാതന്ത്ര്യപൂർവം ജീവിച്ചുപോരുന്നു. ട്രാൻസ്ജൻഡേഴ്സിന് സ്വാതന്ത്ര്യവും സ്വീകാര്യതയും നൽകുന്ന സമൂഹമാണിത്.
നാട്ടുചന്തകൾ വിപണികൾ എന്നതിലുമുപരി സംസ്‌കാരത്തിന്റെ ഒട്ടനവധി വശങ്ങളെ പ്രകടമാക്കുന്ന ഇടങ്ങൾ കൂടിയായിരുന്നു. ഡുമഗട്ടയിലെ 'പൗനായൻ' നാട്ടുചന്ത ചൊവ്വ, ശനി ദിവസങ്ങളിലാണ് സജീവമാകുന്നത്. പച്ചക്കറികളും പഴങ്ങളും മാത്രമല്ല, കടൽമീനുകളും പച്ചക്കറിത്തൈകളും നിരവധിയായ നാട്ടുഭക്ഷണവും അണിനിരക്കുന്ന ഇടമാണിത്. കടൽവിഭവങ്ങളുടെ നിരയിൽ നാനാതരം മത്സ്യങ്ങളോടൊപ്പം കടൽചേനയും കുപ്പിയിൽ അടച്ചുവിൽക്കുന്ന ചിലയിനം കടൽജീവികളുമൊക്കെ വൈവിധ്യം ചേർക്കുന്നു. കൃഷിക്കാർ നേരിട്ടുതന്നെ കച്ചവടം ചെയ്യുന്നതിനാൽ സാധനങ്ങളുടെ ഗുണമേന്മയിലും മിതമായ വിലയിലും മികവു പുലർത്തുവാൻ ചന്തയ്ക്കു സാധിക്കുന്നു. ചന്തയിലെ വിൽപ്പനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പുരുഷന്മാർ സഹായികളാകുന്നു. പച്ചക്കറികളും മീനും തേങ്ങയുമൊക്കെ നമ്മുടെ ഇഷ്ടാനുസരണം മുറിച്ചും ചിരണ്ടിയും നൽകുന്നതിൽ അവരുടെ കൃതഹസ്തത അത്ഭുതാവഹം തന്നെ. 'കലമൻസി' എന്നു വിളിക്കുന്ന ചെറുനാരങ്ങയെക്കാൾ ചെറിയ നാരങ്ങ ഇവിടെ സുലഭമാണ്. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ചാമ്പങ്ങകളുടെ ശേഖരം കണ്ണിനും നാവിനും ഒരേ സമയം ആനന്ദകരം. ക്യാപ്സിക്കത്തിനെ ഓർമിപ്പിക്കുന്ന അൽപ്പം കൂടി ചെറിയ ചുവന്ന മുളകുകൾ അനിതരസാധാരണമായ സൗന്ദര്യം പുലർത്തുന്നവയാണ്. ഉപഭോക്തൃ സൗഹൃദ മനോഭാവമാണ് ഡുമഗട്ടയിലെ നാട്ടുചന്തയുടെ മുഖമുദ്ര.
വൃത്തിയും വെടിപ്പുമുള്ള പൊതു ഇടങ്ങൾ നെഗ്രോസ് ദ്വീപിന്റെ സവിശേഷതകളിൽ പ്രധാനമാണ്. നിരത്തുകളും പട്ടണങ്ങളും മാത്രമല്ല, ഗ്രാമപ്രാന്തങ്ങളിലെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങൾ പോലും ക്രമീകരിക്കുന്നതിൽ ഇവർ സവിശേഷശ്രദ്ധ പുലർത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങൾക്കുചുറ്റും നിരവധിയായ ആര്യവേപ്പുമരങ്ങളും മനോഹരമായ ഉദ്യാനവും ചിട്ടയോടെ പരിപാലിച്ചുവളർത്തുന്നുണ്ട്. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നു പുനച്ഛംക്രമണത്തിനുതകുന്ന വസ്തുക്കൾ പെറുക്കി ജീവിക്കുന്നവർ താമസിക്കുന്ന ടെന്റുകളുടെ പരിസരങ്ങൾ പോലും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. മഴക്കാലത്തു വെള്ളം കയറുന്ന 'കാൻഡോയ്' എന്ന പാർപ്പിടസമുച്ചയത്തിൽ സമൃദ്ധിയോടെ വളരുന്ന പച്ചക്കറികളും പൂച്ചെടികളും നൽകുന്ന വർണച്ചാർത്തുകൾ ദാരിദ്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുന്നു. ഇടപെടലുകളിലെ സൗഹൃദവും പ്രസാദാത്മകവുമായ പരിസരവും ആർഭാടരഹിതമായ ചെറുവീടുകൾക്ക് നിറപ്പകിട്ട് നൽകുന്നു.
സ്പാനിഷ് അമേരിക്കൻ അധിനിവേശത്തിന്റെ ബാക്കിപത്രമെന്നവണ്ണം തനതു ജീവിതശൈലികളുടെ സാംസ്‌കാരിക ചിഹ്നങ്ങൾ ഭൂരിഭാഗവും നഷ്ടപ്പെട്ട ജനസമൂഹമാണ് ഫിലിപൈൻസിലുള്ളത്. ബിസായ, സെബുവാനോ എന്നീ ഭാഷകളാണ് നെഗ്രോസ് ദ്വീപസമൂഹത്തിന്റേതെങ്കിലും ഇംഗ്ലീഷാണ് അവർക്ക് പ്രധാന ഭാഷ. വേഷത്തിലും ആചാരാനുഷ്ഠാനങ്ങളിലും ജീവിതസങ്കൽപ്പങ്ങളിലുമെല്ലാം അമേരിക്കൻ സ്വാധീനം പ്രകടമാണ്. നാട്ടുഭക്ഷണത്തിന്റെ വൈവിധ്യം മാത്രമാണ് അധിനിവേശത്തിൽ നഷ്ടപ്പെടാതെ ഫിലിപ്പീൻ ജനത സംരക്ഷിക്കുന്നതെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
മൂന്നുനേരവും അരിയാഹാരം കഴിക്കുവാൻ ഇഷ്ടപ്പെടുന്ന ജനതയാണ് ഫിലിപ്പിനോകൾ. മത്സ്യമാംസാദികൾ ചേരാത്ത ഭക്ഷണം അവിടെ ചുരുക്കം മാത്രം. പച്ചക്കറികൊണ്ടുള്ള വിഭവങ്ങളിലൊക്കെ ഇറച്ചി ചേർക്കുന്ന പതിവ് അവരുടെ പാചകത്തിലുണ്ട്. പോർക്കും ബീഫും ചിക്കനുമാണ് മാംസത്തിൽ അവർക്കു പ്രിയതരമായത്. സ്പാനിഷ് സ്വാധീനത്തിലൂടെ ലഭിച്ച കേക്കുകളുടെ നാടൻ പതിപ്പുകൾ അവിടെ ധാരാളമായുണ്ട്. സെബുവിലേയ്ക്കുള്ള യാത്രയിൽ ഗ്രാമാന്തരങ്ങളിൽ വഴിയരികിൽ കൊട്ടകളിൽ നിറയെ മധുരപലഹാരങ്ങളുമായി വിൽപ്പനയ്ക്കിരിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടും. മണ്ണുകൊണ്ടുള്ള അടുപ്പിൽ മൊരിയിച്ചെടുത്ത കേക്കുകളും തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തു വേവിച്ച ചോറ് ചോക്ലേറ്റ് ഉൾപ്പെടെ വിവിധ രുചികൾ ചേർത്ത് വാഴയിലയിൽ പുഴുങ്ങിയെടുക്കുന്ന ബുദ്ബുദ്' എന്ന രുചികരമായ നാട്ടുവിഭവവും ഉൾപ്പെടെ നിരവധി മധുരപലഹാരങ്ങൾ ഇവർ വിൽപ്പനയ്ക്കൊരുക്കുന്നു.
മസാല കുറഞ്ഞ മത്സ്യമാംസാഹാരം നമ്മുടെ നാവിനു സ്വാദിഷ്ടമല്ലെങ്കിലും തെങ്ങോലയിൽ ചുരുട്ടി മൊരിച്ചെടുത്തതും ഗ്രില്ലുചെയ്തെടുക്കുന്നതുമായ ചിക്കൻ നമ്മുടെ നാവിനു തൃപ്തികരം തന്നെ. ബൂക്കോ (കരിക്ക്)യിൽ തയാറാക്കിയ മധുരവിഭവങ്ങൾ പ്രധാന ഭക്ഷണത്തിനുശേഷം ആസ്വദിക്കാം. ഏത്തപ്പഴവും, തേങ്ങാപ്പീരയുമൊക്കെ ചേർത്ത വൈവിധ്യമുള്ള നാട്ടുവിഭവങ്ങൾ ഇവർക്കുണ്ട്. ബിയറെങ്കിലും കഴിക്കാത്ത മനുഷ്യർ അവിടെ വിരളമാണെന്നൊരു പ്രത്യേകതയുമുണ്ട്. കടൽക്കാറ്റുകൊണ്ടു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്ന രീതി ഭൂരിപക്ഷം ഭക്ഷണശാലകൾക്കുമുണ്ട്. അതിഥിസത്ക്കാരം റെസ്റ്റോറന്റുകളിൽ നൽകുന്ന പതിവാണ് ഫിലിപ്പിനോകൾക്കുള്ളത്. വീട്ടിലേയ്ക്കു ക്ഷണിക്കുമ്പോൾ പോലും ഒരു ജ്യൂസ് നൽകിയശേഷം ഭക്ഷണത്തിനായി റസ്റ്റോറന്റിലേക്കു നീങ്ങും. സ്നേഹസൗഹൃദം വാരിക്കോരി നൽകുന്ന പെരുമാറ്റ രീതികൊണ്ടാകാം ഈ വിരുന്നുസൽക്കാരം നമുക്കു ഹൃദയംഗമമായി തോന്നുകതന്നെ ചെയ്യും.
വിവാഹം, ശവസംസ്‌കാരം തുടങ്ങിയവയിലൊക്കെ അമേരിക്കൻ സ്വാധീനം വളരെയധികമാണ്. ഭൂരിപക്ഷവും പ്രണയവിവാഹങ്ങളാണ്. സ്ത്രീധനമെന്ന ഏർപ്പാടെയില്ല. സെബു, ബുഹോൾ, സിക്കിഹോൾ, മിൻഡനാവോ തുടങ്ങിയ ഇടങ്ങളിലേയ്ക്കൊക്കെ ഡുമഗട്ടയിൽനിന്നു ബോട്ടിലെത്തിച്ചേരാം. തലസ്ഥാനമായ മനിലയിലേയ്ക്ക് ഒന്നര മണിക്കൂർ വിമാനയാത്ര ആവശ്യമാണ്. ദ്വീപിനുള്ളിൽ ദീർഘദൂരയാത്രയ്ക്ക് ടാക്സി സർവീസുകൾ ലഭ്യമാണ്. ഉപഭോഗസംസ്‌കാരിത്തിന്റെ കടന്നുകയറ്റം മനിലയിലെ മാളുകളിലും ഗാംബ്ലിങ് കേന്ദ്രങ്ങളിലുമൊക്കെ പ്രകടമാണ്. പല ദേശങ്ങളിൽ നിന്നുള്ള ജനത ഇടതിങ്ങി പാർക്കുന്ന ഇടമെന്ന നിലയിൽ സങ്കരസംസ്‌കാരത്തിന്റെ സങ്കീർണത മനില പ്രതിഫലിപ്പിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും ചെറിയ കുരങ്ങന്മാർ എന്നു ടൂറിസ്റ്റ് ഗൈഡുകൾ വിശേഷിപ്പിക്കുന്ന കൈപ്പത്തിയോളം വലിപ്പമുള്ള വട്ടക്കണ്ണുള്ള ടാർസിയേഴ്സ് ലൂബോക്കിലെ ടാർസിയർ കൺസർവേറ്റീവ് സെന്ററിലാണുള്ളത്. 180 ഡിഗ്രി തിരിക്കാവുന്ന തലയും നീണ്ട വാലും രോമനിബിഡമായ ശരീരവുമുള്ള ഇവ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ ജീവിയായതിനാൽ പ്രത്യേക സംരക്ഷണ മേഖലയായ കൃത്രിവനത്തിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. ബുഹോളിലെ ചോക്ലേറ്റ് മലനിരകളുടെ കാഴ്ചയും ഭൂകമ്പത്തിൽ തകർന്ന കൂറ്റൻ കെട്ടിടാവശിഷ്ടങ്ങളും ബിലാറിലെ ശലഭോദ്യാനത്തിലെ പൂമ്പാറ്റ കൗതുകങ്ങളും ലുബോക്ക് നദിയിലൂടെ വിനോദ സഞ്ചാരബോട്ടിലുള്ള പര്യടനവും സെബുവിലെ നഗരക്കാഴ്ചകളും, മനിലയിലെ തഗത്തായ് എന്ന പ്രദേശത്തെ അഗ്‌നിപർവതവും അതിനുസമീപമുള്ള താൽ തടാകത്തിൽ നിന്നു പിടിക്കുന്ന മീൻവിഭവങ്ങൾ നിരത്തുന്ന റിസോർട്ടുകളിലെ സായാഹ്നവും ബ്ലാക്ക് മജീഷ്യന്മാരെക്കുറിച്ചുള്ള കഥകൾ നിറയുന്ന സിക്കിഹോളിലെ കടലോരഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളോടൊപ്പം ചിലവഴിച്ച സായാഹ്നങ്ങളും ഡുഗട്ടയിലെ കുന്നിൻമുകളിൽ വംശനാശം സംഭവിക്കുന്ന സസ്യലതാദികൾകൊണ്ട് കൃത്രിമവനം വളർത്തി അതിനുള്ളിൽ ജീവിക്കുന്ന പ്രകൃതിസ്നേഹിയായ മനുഷ്യനുമൊക്കെ വൈവിധ്യമുള്ള യാത്രാനുഭവങ്ങൾ പകർന്നു നൽകുന്നു.