താരൻ ഒഴിവാക്കാൻ തൈര്; തണുപ്പുകാലത്തെ കേശസംരക്ഷണം
ആറിൽ മൂന്നു പേർക്ക് ഒരിക്കലെങ്കിലും താരൻ വന്നിട്ടുണ്ടാകും എന്നാണ് കണക്ക്. വന്നാൽ കണക്കിന് ഉപദ്രവിക്കുകയും (പ്രത്യേകിച്ച് തണുപ്പുകാലത്ത്) ചെയ്യുന്ന ഒരു അവസ്ഥയാണ് താരൻ. താരന്റെ കാരണങ്ങൾ എന്താണ് എന്നത് ഇപ്പോഴും പഠനവിഷയമാണ്. പുതിയ പഠനങ്ങൾ പറയുന്നത് ഫംഗസ് പോലെ തന്നെ ബാക്ടീരിയയും ഒരു കാരണം ആണെന്നാണ്. ആന്റി ബാക്ടീരിയൽ സ്വഭാവമുള്ള ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഒരു പരിധി വരെ താരനെ തടയും. തൈരിലെ പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.
ഉപയോഗക്രമം
ഇളം ചൂടുവെള്ളത്തിൽ തല നന്നായി കഴുകി വൃത്തിയാക്കുക. മുടിയിൽ നിന്നു വെള്ളം ഇറ്റു വീഴാത്ത രീതിയിൽ ടൗവൽ കൊണ്ട് തോർത്തുക. അതിനു ശേഷം തൈര് അൽപ്പാൽപ്പമായി വിരലുകൾ കൊണ്ട് തലയോട്ടിയിൽ പുരട്ടുക. മുടിയിഴകളിലും പുരട്ടാം. പത്ത് മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകിക്കളയുക. താരന്റെ കാഠിന്യത്തിനനുസരിച്ച് ആഴ്ചയിൽ രണ്ടു തവണ വരെ ചെയ്യാം.
ശ്രദ്ധിക്കുക- കൈയിലോ, ചെവിക്കു പിന്നിലോ പുരട്ടി അലർജിയില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രം തലയിൽ ഉപയോഗിക്കുക.