ഹെന്റമ്മോ, കേക്കിന്റെ വില കേട്ട് ഞെട്ടി, ഒരു സ്വിഫ്റ്റ് കാർ വാങ്ങാം..!
ക്രിസ്മസ്-പുതുവത്സരം അടുത്തെത്തിയതോടെ കേക്കുകൾക്കും ആവശ്യക്കാരേറിവരുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും കേക്കുകൾക്ക് ഡിമാൻഡ് ഏറിവരികയാണ്. വരും ദിവസങ്ങളിൽ കേക്ക് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും മാത്രമല്ല, നാട്ടിൻപുറത്തെ പെട്ടിക്കടകളിൽ പോലും വിവിധതരം കേക്കുകൾ സുലഭമാണ്.
ഇവയ്ക്കെല്ലാം പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്കാണു ലഭിക്കുക. എന്നാൽ ലക്ഷങ്ങൾ വിലയുള്ള കേക്കുകളുണ്ട്. ഒന്നും രണ്ടുമല്ല, എട്ടുലക്ഷം വരെ വിലവരുന്ന കേക്കുകൾ! ഇവിടെയല്ല, ഫ്രാൻസിലാണ് സംഭവം. ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം മൊണാലിസ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽനിന്നുള്ള കലാകാരന്മാർ ഡിസൈൻ ചെയ്ത കേക്കുകളാണ് ലക്ഷങ്ങളുടെ വിലമതിക്കുന്നത്.
ആഡംബരകേക്കുകളാണ് കലാകാരന്മാർ തയാറാക്കുന്നത്. അപൂർവമായ വാനിലയാണ് ഉപയോഗിക്കുന്നത്. കേക്കിനു മുകളിലായി സ്വർണം പതിക്കും. കേക്ക് കഴിക്കാൻ കിട്ടുന്ന ഫോർക്ക് ശുദ്ധമായ സ്വർണത്തിൽ പൊതിഞ്ഞതാണെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. പക്ഷേ, വില സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറമാണ്. വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കിന്റെ വില കേട്ടാൽ ആരും ഞെട്ടും. എട്ടു ലക്ഷം..!
ലോകമെങ്ങും ഹിറ്റ് ആയ കേക്കിനെക്കുറിച്ച് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. കേക്ക് വാങ്ങുന്നതിനു പകരം കാർ വാങ്ങാമല്ലോ എന്നാണ് ആളുകൾ ചോദിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ ഇടത്തരക്കാരന്റെ ആഢംബര കാർ ആയ സ്വിഫ്റ്റ് വാങ്ങാം..!