മദ്യപാനം കുറയ്ക്കണോ... ചൈനയുടെ ചിപ്പ് ചികിത്സ ഫലപ്രദം
മദ്യപാനം ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. മുഴുകുടിയന്മാര്‍ പോലും രാവിലെ കെട്ടുവിടുമ്പോള്‍ പറയും ഇനി കഴിക്കില്ലെന്ന്. എന്നാല്‍, പതിവു പോലെ കുറച്ചുകഴിയുമ്പോള്‍ വീണ്ടും പെഗായും കുപ്പിയായും അടി തുടങ്ങും. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ മാത്രമേ മദ്യപാനത്തില്‍നിന്നു മോചനം നേടാനാവൂ. മദ്യപരെക്കൊണ്ട് നശിച്ച കുടുംബാംഗങ്ങള്‍ക്ക് ചൈനയില്‍ നിന്നൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മദ്യപാനം നിയന്ത്രിക്കാന്‍ നൂതന ചികിത്സയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ചിപ്പ് ചികിത്സയാണ് അവര്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടര്‍മാര്‍. അഞ്ചുമാസം വരെ മദ്യപാനം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഈ ചിപ്പിനു കഴിയുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെയ് പറഞ്ഞു. യുഎന്‍ ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റാണ് ഹാവോ വെയ്.
ചിപ്പ് ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രാക്‌സോണ്‍ ഈ ചിപ്പ് പുറത്തുവിടും. തുടര്‍ന്ന് ചിപ്പ് ഘടിപ്പിച്ച മദ്യപാനിയില്‍ മദ്യം കഴിക്കാനുള്ള ആസക്തി കുറയുകയും ക്രമേണ മദ്യപാനം ഉപേക്ഷിക്കുകയും ചെയ്യും. ചൈനീസ് ദേശീയ മാധ്യമങ്ങളാണ് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പതിനഞ്ചു വര്‍ഷമായി സ്ഥിരം മദ്യപിക്കുന്ന ഒരാളിലാണ് ചിപ്പ് ചികിത്സ നടത്തിയത്. 36കാരനായ അയാളുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ ഒരു കുപ്പി മദ്യം അകത്താക്കിയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുന്നതുവരെ മദ്യപിക്കും. മദ്യം അകത്തുചെന്നാല്‍ അയാള്‍ അക്രമകാരിയാകുമായിരുന്നു. മദ്യം ലഭിച്ചില്ലെങ്കില്‍ ഉത്കണ്ഠ വര്‍ധിക്കുമെന്നും കൈയില്‍ കിട്ടിയതെല്ലാം എറിഞ്ഞുടയ്ക്കുമെന്നും അയാള്‍ പറഞ്ഞു. ചികിത്സയ്ക്കു ശേഷം തനിക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ കഴിഞ്ഞെന്നും താനിപ്പോള്‍ മദ്യവര്‍ജനത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും അയാള്‍ പറഞ്ഞു.