ലോകപ്രശസ്തരായ ചില ഇടംകൈയന്മാരുടെ വിശേഷങ്ങള്‍...
തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാണ് ഇടതു കൈയുടെ ആധിപത്യത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലോക ജനസംഖ്യയുടെ പത്തു ശതമാനത്തോളം ഇടതുകൈ ഉപയോഗിക്കുന്നവരാണ്. സ്ത്രീകളെ അപേക്ഷിച്ച് ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക ഇടംകൈയന്മാരുടെ ദിനമായി ആചരിക്കാറുണ്ട്. ഗോവയില്‍ ഇടംകൈയന്മാര്‍ക്കായി ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തരായ ഇടംകൈയന്മാരുടെ രൂപങ്ങളാണ് ഇവിടെയുള്ളത്.
ലോകപ്രശസ്തരായ ചില ഇടംകൈയന്മാര്‍
1. മഹാത്മാ ഗാന്ധി
ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയ്ക്കു രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകൈയനായ ഗാന്ധിജിയെ കുട്ടിക്കാലത്ത് വലത്തേക്കു മാറ്റാന്‍ ശ്രമിച്ചതാവാം രണ്ടു കൈയും ഒരുപോലെ വഴങ്ങാന്‍ കാരണമായത്.
2. ലിയനാര്‍ഡോ ഡാവിഞ്ചി
മഹാപ്രതിഭയാണ് ഡാവിഞ്ചി. അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കാന്‍ മുഖം നോക്കുന്ന കണ്ണാടി വേണമായിരുന്നു. വലത്തുനിന്ന് ഇടത്തേക്കാണ് ഡാവിഞ്ചി എഴുതിയിരുന്നത്. കത്തുകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നു വാദങ്ങളുണ്ടായിരുന്നെങ്കിലും ഡാവിഞ്ചി ഇടംകൈയനായിരുന്നു.
3. രത്തന്‍ ടാറ്റ
ലോകത്തിലെ തന്നെ പ്രധാന വ്യവസായികളിലൊരാളായ രത്തന്‍ ടാറ്റയ്ക്കു വഴങ്ങുന്നത് ഇടതു കൈയാണ്. ഇക്കാരണത്താല്‍ കുട്ടിക്കാലത്ത് പിയാനോ പഠിക്കാന്‍ താന്‍ ബുദ്ധിമുട്ടിയിരുന്നതായും ടാറ്റ പറഞ്ഞിട്ടുണ്ട്.
4. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ഇടംകൈയനാണ്. വലതുകൈകൊണ്ട് ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും പരിശീലിച്ചെങ്കിലും ഭക്ഷണം കഴിക്കാനും എഴുതാനുമുള്‍പ്പടെ ഇടതു കൈ ആണ് സച്ചിന്‍ ഉപയോഗിക്കുന്നത്.
5. അമിതാഭ് ബച്ചന്‍
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ ഇടംകൈയനാണ്. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും സംസാരത്തിലുമെല്ലാം അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അഭിഷേക് ബച്ചനും ഇടംകൈയനാണ്.
പട്ടിക ഇവിടെ തീരുന്നില്ല, ലോകം അറിയുന്ന ഇടംകൈയന്മാര്‍ ഇനിയുമുണ്ട്. ബിസിനസ് പ്രമുഖന്‍ ധീരുഭായ് അംബാനി, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ക്രിക്കറ്റര്‍ രവി ശാസ്ത്രി, വില്യം രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഹെന്റി ഫോര്‍ഡ്, ഗാരി കാസ്പരോവ്, മറഡോണ, മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ഐസ്‌ക്ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍ അങ്ങനെ പോകുന്നു ഇടംകൈയന്മാരുടെ ലിസ്റ്റ്.
മലയാള സിനിമയില്‍ നിവിന്‍, പ്രണവ്, ആസിഫ് എന്നിവര്‍ ഇടംകൈയന്മാരാണ്.