ആഘോഷിക്കാം കാഷ്മീരിൽ ശൈത്യകാലം
ജമ്മു കാഷ്മീരിൽ ശൈത്യകാലം ആഘോഷിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. ആഭ്യന്തര സഞ്ചാരികളും അന്താരാഷ്ട്ര സഞ്ചാരികളുടെയും എണ്ണത്തിൽ വൻ വർധനയാണ് ഈ വർഷമുണ്ടായത്. താഴ്‌വരയിലെ സുരക്ഷാപ്രശ്നങ്ങൾ അവസാനിച്ചതോടെ ധാരാളം ടൂറിസ്റ്റുകൾ ലോകത്തിലെ സ്വർഗം എന്നറിയപ്പെടുന്ന കാഷ്മീരിലേക്ക് ഒഴുകാൻ തുടങ്ങി. റെക്കോർഡ് വരുമാനമാണ് സർക്കാരിന് ഈ വർഷം ലഭിച്ചത്. ഒരു കോടിയിലേറെ സഞ്ചാരികൾ ഈ വർഷം കാഷ്മീരിലെത്തിയെന്നാണ് കണക്ക്.
ഡിസംബറിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയാണുണ്ടാകുന്നതെന്ന് അധികൃതർ പറയുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ സമീപകാലത്തെ റെക്കോർഡാണ് കാഷ്മീർ കണ്ടത്. സഞ്ചാരികളെ വരവേൽക്കാനും കൂടുതലായി ആകർഷിക്കാനും പുതിയ പദ്ധതികൾ തയാറാക്കുകയാണ് കാഷ്മീർ. അടുത്തവർഷത്തോടെ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് കാഷ്മീർ പ്രതീക്ഷിക്കുന്നത്.
ശ്രീനഗറിൽ താപനില മൈനസ് അഞ്ച് വരെ എത്തിയിരുന്നു. എങ്ങും മഞ്ഞുപെയ്തു കിടക്കുകയാണ്. ലോകപ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ് കിടക്കുന്നു. വലിയ ഐസ് കട്ടപോലെ തോന്നും ദാൽ തടാകം. സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച തടാകത്തിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ നിർമാണരീതിയിലുള്ള ഹൗസ് ബോട്ടുകൾ ദാൽ തടാകത്തിലെ പ്രത്യേകതയാണ്. ഹൗസ് ബോട്ടിലെ തടാകയാത്ര ഓരോ സഞ്ചാരിക്കും മറക്കനാകാത്ത അനുഭവമായിരിക്കും!