രണ്ടായിരം വർഷം പഴക്കമുള്ള ബ്രസീലിയൻ റോക്ക് ആർട്ടിൽ കണ്ടത് അന്യഗ്രഹജീവികളെ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങളോ..?
രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ശിൽപ്പകലാവിസ്മയങ്ങളിൽ പഠനം നടത്തുന്ന ഗവേഷകർ അദ്ഭുതപ്പെട്ടു. ആകാശവസ്തുക്കളോടു സാമ്യമുള്ള രൂപങ്ങളാണു ഗവേഷകരെ കുഴപ്പത്തിലാക്കിയത്. പക്ഷേ, ഇതെന്തെണാന്നു വ്യക്തമായി പറയാൻ ഗവേഷകർക്കു കഴിയുന്നുമില്ല. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട എന്തെങ്കിലും അടയാളങ്ങളാണോയെന്നു സംശയം തോന്നുന്ന ചിഹ്നങ്ങളാണ് ഗവേഷകരെ ചിന്താകുഴപ്പത്തിലാക്കിയത്. അവയിൽ കൊത്തുപണികൾ മാത്രമല്ല, പെയിന്‍റിംഗുകളും ഉൾപ്പെടുന്നു. ചിലത് ഒരു പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നും പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു. ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ പുരാതന റോക്ക് ആർട്ട്, കലയുടെയും പുരാജീവനത്തിന്‍റെയും അറിയപ്പെടാത്ത ലോകം തുറന്നിടുന്നു.
ചിത്രങ്ങളിൽ മനുഷ്യന്‍റെ കാൽപ്പാടുകൾ, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങൾ, "ആകാശ വസ്തുക്കളോട് സാമ്യമുള്ള രൂപങ്ങൾ" എന്നിവ കാണാമെന്ന് ബ്രസീൽ നാഷണൽ ഹിസ്റ്റോറിക്കൽ ആൻഡ് ആർട്ടിസ്റ്റിക് ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ടിലെ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറയുന്നു. 2022 നും 2023 നുമിടയിൽ ടോകാന്‍റിൻസ് സംസ്ഥാനത്ത് കണ്ടെത്തിയ റോക്ക് ആർട്ട് സംബന്ധമായ പഠനങ്ങൾക്ക് മാസിഡോ ആണു നേതൃത്വം നൽകിയത്.
കലാകാരന്മാരിലേക്ക് എത്തുന്ന സൂചനകളൊന്നും റോക്ക് ആർട്ട് സൈറ്റുകളിൽനിന്നു കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. റോക്ക് ആർട്ട് കണ്ടെത്തിയ ജലപാവോ മേഖലകളിൽ ഏകദേശം 12,000 വർഷങ്ങൾക്കു മുന്പ് മനുഷ്യവാസമുള്ളതായി കണക്കാക്കുന്നു. യൂറോപ്യൻ കോളനിക്കാരുടെ വരവിനുമുമ്പ് രൂപംകൊണ്ട "പുരാവസ്തു സമുച്ചയ"ത്തിനുള്ളിലാണ് ഈ ശിലാവിസ്മയങ്ങൾ കണ്ടെത്തിയത്.
ചരിത്രകാരന്മാർക്ക് ജലപാവോയുടെ കൊളോണിയൽ കാലത്തിനു മുമ്പുള്ള അധിനിവേശക്കാരെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. കാലത്തിന്‍റെ കടന്നുപോകൽ രേഖപ്പെടുത്തുന്നതിനും മിത്തുകൾ ചിത്രീകരിക്കുന്നതിനും ആത്മാക്കളുമായി ആശയവിനിമയം നടത്താനുമായിരിക്കാം കലാസൃഷ്ടികളെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് മാസിഡോ പറയുന്നു. ബ്രസീലിലെ ആമസോൺ സംസ്ഥാനങ്ങളുടെ പുരാവസ്തു പഠനങ്ങളുടെ ഭാഗമായാണ് ഗവേഷണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.