പച്ച പപ്പായ കഴിക്കണം; ഗുണങ്ങൾ നിരവധി
വിറ്റാമിനുകളും എൻസൈമുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. പപ്പായപ്പഴം കഴിക്കാനാണു കൂടുതൽ പേരും ഇഷ്ടപ്പെടുന്നതെങ്കിലും പച്ച പപ്പായ കഴിക്കുന്നതിൽ ഗുണങ്ങളേറെയാണ്. പല രോഗങ്ങൾക്കും പപ്പായ ഗുണകരമാണ്. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ് പപ്പായ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി പപ്പായയിൽ അടങ്ങിയിരിക്കുന്നു.
പച്ച പപ്പായ നേരിട്ടും തോരനായും കറിവച്ചും കഴിക്കാം. പപ്പായ അച്ചാർ ഉണ്ടാക്കിയും കഴിക്കാം. വിവിധ പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കൂടെ കോംപിനേഷൻ ആയും പച്ച പപ്പായ ഉപയോഗിക്കാം. പപ്പായ തോരൻ രുചികരമായ വിഭവമാണ്. പച്ച പപ്പായ കഴിക്കുന്നതിലൂടെ സ്ത്രീകൾക്ക് ആർത്തവ വേദനയിൽനിന്ന് ആശ്വാസം ലഭിക്കും. പപ്പായ കഴിക്കുന്നത് ഓക്‌സിടോസിൻ, പ്രോസ്റ്റാഗ്ലാൻഡിൻ എന്നിവയുടെ അളവ് വർധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.
അസംസ്‌കൃത പപ്പായ പ്രമേഹ രോഗികൾക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശരീരത്തിലെ ഇൻസുലിൻറെ അളവിനെ സാധാരണ നിലയിലാക്കാൻ സഹായകരമാണ്. പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ധാരാളം നാരുകൾ ലഭിക്കും. പച്ച പപ്പായ കഴിക്കുന്നത് മലബന്ധം ഒഴിവാക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.