Begin typing your search...

കഴിച്ചിട്ടുണ്ടോ വാഴക്കൂമ്പ് കട്ലറ്റ്

കഴിച്ചിട്ടുണ്ടോ വാഴക്കൂമ്പ് കട്ലറ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രുചികരമായ വിഭവങ്ങൾ വാഴക്കൂമ്പു കൊണ്ട് തയാറാക്കാം. വാഴക്കൂമ്പ് വിഭവങ്ങൾ ആരോഗ്യകരവുമാണ് എന്നതുകൊണ്ട് ഭക്ഷണപ്രിയരെ കൂടുതലായും വാഴക്കൂമ്പ് വിഭവങ്ങളിലേക്ക് അടുപ്പിക്കുന്നു. വാഴക്കൂമ്പ് കൊണ്ട് കട്ലറ്റും ചെറുപയർ ചേർത്ത് തോരനും തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കട്ലറ്റ്

1. വാഴക്കൂമ്പ് - ഒന്ന്

2. ഉരുളക്കിഴങ്ങ് വേവിച്ചത് - 1/2 കിലോ

3. സവാള - രണ്ട് എണ്ണം

4. പച്ചമുളക് - മൂന്ന് എണ്ണം

5. ഇഞ്ചി - ഒരു കഷണം

6. വെളുത്തുള്ളി - നാല് അല്ലി

7. മല്ലിയില - ഒരു തണ്ട്

8. പുതിനയില - ഒരു തണ്ട്

9. കറിവേപ്പില - ഒരു തണ്ട്

10. കുരുമുളകുപൊടി - 1/2 ടീസ്പൂൺ

11. ഗരംമസാല - 1/2 ടീസ്പൂൺ

12. ബ്രഡ് പൊടിച്ചത് - മൂന്ന് ടേബിൾ സ്പൂൺ (കുഴയ്ക്കുവാൻ)

13. ബ്രഡ് പൊടിച്ചത് - കട്ലറ്റ് ഉരുളകളുടെ പുറമേ വിതറാൻ ആവശ്യാനുസരണം.

14. ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

വാഴക്കൂമ്പ് ചെറുതായി കൊത്തിയരിഞ്ഞ് വെളിച്ചെണ്ണ പുരട്ടി വയ്ക്കണം. അതിനുശേഷം അരിഞ്ഞ വാഴക്കൂമ്പിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും പാകത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കണം.

സവാള ചെറുതായി അരിയണം. കൂടാതെ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില എന്നിവയും ചെറുതായി അരിയുക. ഇതിനുശേഷം ഫ്രയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നുറുക്കിവച്ച സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ വഴറ്റണം. ഇതിലേക്ക് വേവിച്ച കൂമ്പിട്ട് വഴറ്റുക. തുടർന്ന്, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റണം. ശേഷം ഉടച്ച ഉരുളക്കിഴങ്ങു ചേർത്ത് നന്നായി കുഴയ്ക്കണം.

ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബ്രഡ് പൊടിച്ചത് ചേർത്ത് കുഴയ്ക്കണം. ഇതു തണുത്തതിനു ശേഷം ഉരുളകളാക്കണം. ഉരുളകൾ മുക്കിപ്പൊരിക്കാൻ കോൺഫൽർ കലക്കിയതോ, മൈദയോ, മുട്ടയോ ഉപയോഗിക്കാം. ഇവയിൽ ഏതെങ്കിലും ഒന്നിൽ മുക്കിയശേഷം ബ്രഡ് പൊടിയിൽ ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ കൈയിൽവച്ച് പരത്തിയശേഷം എണ്ണയിൽ വറുത്തെടുക്കണം. രുചികരമായ കട്ലറ്റ് തയാർ.

വാഴക്കൂമ്പ് ചെറുപയർ തോരൻ

1. ചെറുപയർ - 100 ഗ്രാം

2. കുടപ്പൻ - ഒന്ന്

3. വെളിച്ചെണ്ണ - ആവശ്യത്തിന്

4. ഉപ്പ് - ആവശ്യത്തിന്

5. വറ്റൽ മുളക് - ആറ് എണ്ണം

6. ചുവന്നുള്ളി - പത്ത് എണ്ണം

7. കറിവേപ്പില - 2 തണ്ട്

8. തേങ്ങ - 1/2 മുറി ചിരകി ഞരടിയത്

തയാറാക്കുന്ന വിധം

ചെറുതായി അരിഞ്ഞുവച്ച വാഴക്കുടപ്പനിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി വയ്ക്കുക. വെള്ളത്തിൽ കുതിർത്തി എടുത്ത ചെറുപയറും ചേർത്തു വേണം തിരുമ്മിയെടുക്കാൻ. ഇത് കുക്കറിൽ മൂന്നു വിസിൽ കേൾക്കുന്നതുവരെ വേവിക്കുക. ശേഷം, ചീനച്ചട്ടി അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകുപൊട്ടിക്കുക. ഉള്ളിയും മുളകും ചതച്ചതും കറിവേപ്പിലയും ചേർക്കണം. ഇതു മൂത്തു തുടങ്ങുമ്പോൾ തിരുമ്മിയ തേങ്ങ ചേർക്കണം. തുടർന്നു വേവിച്ച ചെറുപയറും കുടപ്പനും ചേർത്ത് ചെറുതീയിൽ വേവിച്ച് സ്റ്റൗ ഓഫ് ചെയ്യുക. വാഴക്കൂമ്പ് ചെറുപയർ തോരൻ തയാർ. ഊണിനു വിഭവം വിളമ്പാം.

WEB DESK
Next Story
Share it